കോതമംഗലം: ബുൾബുളിൽ സംഗീത വിസ്മയം തീർക്കുകയാണ് കോതമംഗലത്തെ രണ്ടാം ക്ലാസുകാരി കൊച്ചുമിടുക്കി. ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഏഞ്ചലിൻ മരിയയാണ് ബുൾബുളിൽ മാന്ത്രികസംഗീതം തീർക്കുന്നത്.
പാക്കിസ്ഥാനിലും വടക്കേ ഇന്ത്യയിലും പ്രചാരത്തിലുള്ള ബുൾബുൾ സംഗീത ഉപകരണം ഇതോടെ കോതമംഗലത്തുകാർക്കും പരിചിതമാവുകയാണ്. കൈവഴക്കം കൊണ്ടും നിയന്ത്രണം കൊണ്ടും ഉപകരണത്തെ മെരുക്കിയിരിക്കുന്നു എന്നതാണ് ഏഞ്ചലിൻ മരിയയുടെ കഴിവ്.
ഭക്തിഗാനങ്ങളും, നിനിമാഗാനങ്ങളുമുൾപ്പെടെ ബുൾബുളിന്റെ തന്ത്രികളിൽ സംഗീതമായി ഏഞ്ചലിൻ തന്റെ കുഞ്ഞുകരവിരലുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ ഏറെ കീഴടക്കുകയാണ്. ബുൾബുൾ വായന കൂടാതെ നിരവധി ചിത്ര രചന മത്സരങ്ങളിലും വിജയിയാണ് ഈ രണ്ടാം ക്ലാസുകാരി.
കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ബയോ സയൻസ് വിഭാഗം ലാബ് അസിസ്റ്റന്റ് ചേലാട് ചെങ്ങമനാട്ട് ഏബിൾ സി. അലക്സിന്റെയും ചേലാട് സെന്റ് സ്റ്റീഫൻ ബസ്അനിയാ സ്കൂൾ അധ്യാപിക സ്വപ്ന പോളിന്റെയും മകളാണ് ഏഞ്ചലിൻ.
സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവും ചിത്രകാരനുമായ മുത്തച്ഛൻ ചേലാട് ചെങ്ങമനാട്ട് സി.കെ. അലക്സാണ്ടറാണ് ചിത്രകലയിലും ബുൾബുൾ വായനയിലും ഏഞ്ചലിന്റെ ഗുരു. ബുൾബുൾ വായനയിലും ചിത്രകലയിലുമുള്ള കഴിവ് സ്കൂളിലും നാട്ടിലും ഏഞ്ചലിൻ ഏറെ പ്രശസ്തയാക്കുകയാണ്. രണ്ടു കൂട്ടം കന്പികളാണ് ബുൾബുളിൽ ഉപയോഗിക്കുന്നത്. ഇന്ത്യൻ ബാൻജോ എന്നും ബുൾബുളിനെ വിളിക്കാറുണ്ട്.