അങ്കമാലി: ബസ് ഓട്ടോറിക്ഷയിലിടിച്ച് നാലുപേർ മരിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും ബസ് ഡ്രൈവറെ തിരിച്ചറിയാനാകാതെ പോലീസ്. നവംബർ 25 ന് രാവിലെ 6.45 നാണ് അങ്കമാലി ചർച്ച് ജംഗ്ഷനിൽ മൂക്കന്നൂരിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ എന്ന സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ചത്. പള്ളിയിലേക്ക് പോയ ബന്ധുക്കളായ കല്ലുപാലം പാറയ്ക്ക ജോർജിന്റെ ഭാര്യ മേരി (58), മാമ്പ്ര കിടങ്ങേൻ വീട്ടിൽ മത്തായിയുടെ ഭാര്യ മേരി (65), മൂക്കന്നൂർ കൈപ്രമ്പാടൻ വീട്ടിൽ തോമസിന്റെ ഭാര്യ റോസി (50) ഓട്ടോ ഡ്രൈവർ മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ജോസഫ് (58) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
റോഡ് കുറുകെ കടക്കവെ ഓട്ടോറിക്ഷയുടെ മധ്യഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലിടിച്ചാണ് ബസ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അപകടം നടന്നയുടൻ ബസിലെ ജീവനക്കാർ ഇറങ്ങി ഓടുകയായിരുന്നു. ബസ് ഓടിച്ചിരുന്നത് ആരെന്ന് സംബന്ധിച്ച് പോലീസിനോ മോട്ടോർ വാഹന വകുപ്പിനോ വ്യക്തമായ ധാരണയായിട്ടില്ല. സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നും അങ്കമാലി ടൗൺ വരെ രാവിലെ സമയങ്ങളിൽ ഡ്രൈവറല്ലാത്തവർ ബസ് ഓടിക്കുന്നത് പതിവാണ്.സ്ഥിരം ഡ്രൈവർ ടൗണിലെ ബസ് സ്റ്റോപ്പിൽ നിന്നുമാണ് കയറാറുള്ളത്.
സാധാരണ നിലയിൽ വാഹന അപകടമുണ്ടായി മരണം സംഭവിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയാണ് പതിവ്. അപകടത്തിൽപ്പെട്ട ബസ് ഓടിച്ചയാൾക്ക് ലൈസൻസ് ഉണ്ടോയെന്ന് അറിയില്ലെന്നാണ് അങ്കമാലി ജോയിന്റ് ആർടിഒ പറഞ്ഞത്. ഡ്രൈവറെ കസ്റ്റഡിയിലെടുക്കേണ്ടത് പോലീസ് ആണെന്നും പ്രതിയെ കിട്ടുമ്പോൾ തുടർ നടപടി സ്വീകരിക്കും. ഹൈക്കോടതിയുടെ നിർദേശപ്രകാരം അപകടത്തെക്കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങളുടെ സിഡി കോടതിയിൽ സമർപ്പിച്ചിട്ടുള്ളതായും ജോയിന്റ് ആർടിഒ അറിയിച്ചു.