അങ്കമാലി: അങ്കമാലി മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ യാത്രക്കാർ ദുരിതത്തിൽ. കൂലി വർധന ആവശ്യപ്പെട്ടു കൊണ്ടാണ് അങ്കമാലി, കാലടി, അത്താണി കൊരട്ടി മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല സമരം നടത്തുന്നത്.
ഗ്രാമീണ മേഖലകളിലേക്കുള്ള യാത്രക്കാരാണ് പണിമുടക്ക് മൂലം കഷ്ടപ്പെടുന്നത്. സമാന്തര സർവീസുകൾ ഏറെ ഇല്ലാത്തത് ഇവരെ വല്ലാതെ വലക്കുകയാണ്. സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന ഉൾപ്രദേശങ്ങളിലുള്ളവർക്കാണ് ഏറെ ദുരിതം. ദേശീയ പാതയിലൂടെയും എം സി റോഡിലൂടെയും ഉള്ള യാത്രക്കാരെ പണിമുടക്ക് ബാധിച്ചില്ലെങ്കിലും മൂക്കന്നൂർ, അയ്യം പുഴ, ചുള്ളി, പാലിശേശി, തുടങ്ങിയ സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന നാട്ടിൻ പുറത്തുള്ള വരെയാണ് ഏറെ വലച്ചത്.
കെഎസ്ആർടിസി ഉൾപ്രദേശങ്ങളിലേക്ക് ചില സർ വീ സുകൾ നടത്തിയെങ്കിലും യാത്രാക്ലേശം പരിഹരിക്കാനായില്ല. പണിമുടക്കിന് പരിഹാരം കണ്ടെത്തണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളിൽ ചർച്ചകൾക്ക് തീരുമാനമായിട്ടില്ല.