കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടന്ന സിനിമാ ഷൂട്ടിംഗ് വിവാദത്തിൽ പ്രതികരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിംഗിന് അനുമതി നൽകിയതെന്ന് സൂപ്രണ്ട് പറഞ്ഞു.
രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെ ഉൾപ്പെടെ അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തുടർന്നാണ് പ്രതികരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തിയത്.
ഫഹദ് ഫാസിലിന്റെ ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണമാണ് താലൂക്ക് ആശുപത്രിയിൽ നടക്കുന്നത്.
രോഗികളെ ചികിത്സിച്ച സമയത്തു പോലും സിനിമയുടെ ചിത്രീകരണം തുടർന്നു എന്നാണ് പരാതി. ലൈറ്റുകൾ ഓഫാക്കി അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മന്ദഗതിയിലാക്കിയെന്നും രോഗികളോട് ശബ്ദമുണ്ടാക്കരുതെന്ന് കർശന നിർദേശം നൽകിയെന്നും രോഗികളും കൂട്ടിരുപ്പുകാരും ആരോപിച്ചു.