അങ്കമാലി: സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേർ പട്ടാപ്പകൽ വെട്ടേറ്റു മരിച്ച സംഭവത്തിൽ വിറങ്ങലിച്ച് മൂക്കന്നൂർ ഗ്രാമം. വർഷങ്ങളായി വാക്കുതർക്കം നിലനിന്നിരുന്നെങ്കിലും സ്വന്തം ജ്യേഷ്ഠനെയും ഭാര്യയെയും അവരുടെ മകളെയും നിഷ്കരുണം സഹോദരൻ വട്ടിക്കൊല്ലുമെന്നു പ്രദേശവാസികൾ കരുതിയിരുന്നില്ല.
അങ്കമാലി മൂക്കന്നൂർ എരപ്പ് കപ്പേളയ്ക്കു സമീപം താമസിക്കുന്ന അറക്കൽ ശിവൻ (62), ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരാണു ഇന്നലെ വൈകിട്ട് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ പോലീസ് പിടികൂടിയ ശിവന്റെ ഇളയ സഹോദരൻ ബാബുവിനെ (45) ഇന്നു മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയേക്കും. ഇന്നലെ വൈകുന്നേരം 5.45 നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബാബുവിന്റെ പരാക്രമത്തിൽ സ്മിതയുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ അശ്വിനു (10) വെട്ടേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല.
സ്മിതയുടെ മക്കളായ അതുൽ (12), അപർണ (10) എന്നിവരും സംഭവം നടക്കുന്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. സ്വത്ത് പ്രശ്നത്തിൽ സഹോദരൻമാർ തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ജനപ്രതിനിധികളുടെ മധ്യസ്ഥതയിൽ തർക്കം പരിഹരിക്കാൻ തയാറെടുക്കുന്നതിനിടെയാണു ക്രൂരമായ കൂട്ടക്കൊലപാതകം നടന്നത്.
സഹോദരരെയും കുടുംബങ്ങളെയും ഇല്ലാതാക്കുമെന്നു വർഷങ്ങളായി ഭീഷണി മുഴക്കിയിരുന്ന ബാബു ഒടുവിൽ പറഞ്ഞതുപോലെ തന്നെ ചെയ്തത് ഒരു നാടിന്റെ തീരാവേദനയായി. രണ്ടു വർഷം മുൻപ് മരിച്ചുപോയ അമ്മ തറവാട്ട് പറന്പിലെ മരങ്ങൾ മുറിക്കാൻ തനിക്ക് അനുവാദം തന്നിട്ടുണ്ടെന്നു പറഞ്ഞു കച്ചവടക്കാരനെയും കൂട്ടി ഇന്നലെ വൈകുന്നേരം ബാബു വന്നപ്പോൾ ശിവനും കുടുംബാംഗങ്ങളും ചേർന്നു തടഞ്ഞു. ഇതിൽ പ്രകോപിതനായ ബാബു അക്രമകാരിയായി മാറുകയായിരുന്നു.
മരിച്ച ശിവന്റെ മറ്റു മൂന്നു സഹോദരൻമാരും തൊട്ടടുത്തുതന്നെയാണു താമസം. സഹോദരൻമാരുമായുള്ള തർക്കത്തെത്തുടർന്നു തറവാടു വീട്ടിൽ താമസിക്കാതെ മൂന്നു കിലോമീറ്റർ അകലെയായി കാളാർകുഴിയിലാണ് ഇളയവനായ ബാബു വാടകയ്ക്കു താമസിക്കുന്നത്. രണ്ടു വർഷം മുൻപ് ഇവരുടെ അമ്മ തങ്കമ്മ മരിച്ച ദിവസം ബാബു സഹോദരനായ ഷിബുവിനെ മർദ്ദിച്ചിരുന്നു. കൂട്ടക്കൊലപാതക വാർത്തയറിഞ്ഞു പ്രദേശത്തു വൻ ജനാവലി തടിച്ചുകൂടി.
ശിവന്റെ മൃതദേഹം സഹോദരനായ ഷാജിയുടെ വീടിന്റെ മുറ്റത്തും വത്സ, സ്മിത എന്നിവരുടെ മൃതദേഹങ്ങൾ ശിവന്റെ വീടിന്റെ രണ്ടുവശങ്ങളിലുമായാണു കിടന്നത്. മൃതദേഹങ്ങളുടെ ഇൻക്വിസ്റ്റ് നടപടികൾ ഇന്നു രാവിലെ ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹങ്ങൾ ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നു പോലീസ് പറഞ്ഞു. സംസ്കാരം ഇന്നു വൈകിട്ട് നടക്കുമെന്നാണു ലഭിക്കുന്ന വിവരങ്ങൾ.
കൊലപാതകത്തിലേക്കു നയിച്ച സംഭവം;പോലീസ് വിശദീകരിക്കുന്നത്
കൊച്ചി: ഒരു നാടിനെ നടുക്കിയ കൂട്ടകൊലപാതകത്തെ സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ആറു വർഷം മുൻപ് മൂക്കന്നൂർ കാളാർകുഴിയിലെ വാടകവീട്ടിലേക്കു താമസം മാറ്റിയ ബാബു, തറവാട്ടു വീട്ടിൽ നിൽക്കുന്ന മരങ്ങൾ വില്പന നടത്തുന്നതിനു കച്ചവടക്കാരനുമായി ബൈക്കിൽ ഇന്നലെ എത്തി. സർവേയറുടെ സഹായിയായ ശിവനും കൂലിപ്പണി കഴിഞ്ഞു വത്സയും വീട്ടിലെത്തിയിട്ട് കുറച്ചുനേരമേ ആയിരുന്നുള്ളൂ.
മരിച്ചുപോയ അമ്മ മരങ്ങൾ വെട്ടിക്കൊള്ളാൻ മുന്പ് പറഞ്ഞിട്ടുണ്ടെന്നു ബാബു അറിയിച്ചപ്പോൾ രേഖകളുമായി വന്നിട്ടു വെട്ടിക്കൊള്ളാൻ ശിവൻ പറഞ്ഞതോടെ വാക്കുതർക്കമായി. പ്രകോപിതനായ ബാബു തറവാട്ടുവീട്ടിൽനിന്നുതന്നെ വാക്കത്തിയെടുത്ത് ആദ്യം വത്സയെ വെട്ടി.
ഇതുകണ്ടു തടുക്കാനായി വന്ന സ്മിതയെയും ശിവനെയും വെട്ടുകയായിരുന്നു. അടുത്തുനിന്ന അശ്വിനെയും വെട്ടി. കത്തി എടുത്തപ്പോൾ തന്നെ ബാബുവിന്റെ കൂടെയുണ്ടായിരുന്ന മരക്കച്ചവടക്കാരൻ ബാബുവിനെ തടഞ്ഞിരുന്നു. എന്നാൽ ഇയാളുടെ കഴുത്തിൽ വാക്കത്തി വച്ചു ഭീഷണി മുഴക്കി യശേഷം വത്സയെ വെട്ടുകയായിരുന്നു.
വെട്ടേറ്റ ജ്യേഷ്ഠൻ ശിവൻ പ്രധാന റോഡിലേക്ക് ഓടിയപ്പോൾ ബാബു പിന്നാലെ ഓടിയെത്തി വീണ്ടും വെട്ടിവീഴ്ത്തി. ഇതിനുശേഷം തിരിച്ചെത്തി സ്മിതയെയും വീണ്ടും വെട്ടി മരണം ഉറപ്പാക്കി. മൂന്നു കൊല നടത്തിയ ശേഷം ബാബു മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ ശ്രമിച്ചു. ബാബുവൊഴികെ മറ്റു സഹോദരങ്ങളെല്ലാം തറവാട്ടു വീടിന്റെ അടുത്തടുത്താണു താമസിക്കുന്നത്. ഇതിൽ പ്രതിയുടെ മറ്റൊരു ജ്യേഷ്ഠൻ പരേതനായ ഷാജിയുടെ ഭാര്യ ഉഷയെയാണ് ഇയാൾ ആക്രമിക്കാനൊരുങ്ങിയത്. ഉഷയെ വെട്ടുന്നതിനായി ബാബു ഓടിയടുത്തെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു.
പിന്നീട് പ്രദേശത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അയൽപക്കക്കാരെ വെല്ലുവിളിക്കുകയും ശിവന്റെ വീടിന് സഹായം ചെയ്യുന്നതിനാൽ എതിർവശത്തു താമസിക്കുന്ന ഗൃഹനാഥനെ അടുത്തതവണ വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
മൂക്കന്നൂരിൽ അക്ഷയകേന്ദ്രത്തിൽ ജോലിയുള്ള മറ്റൊരു സഹോദരൻ ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെ കൊലപ്പെടുത്താനായി അങ്ങോട്ടു പോയെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. ഷിബുവിന്റെ വീടിന്റെ ജനലുകൾ വാക്കത്തിക്ക് വെട്ടിപ്പൊളിക്കുകയും ചെയ്ത പ്രതി ചോരയൊലിക്കുന്ന വസ്ത്രങ്ങളുമായി ബൈക്കിൽ കയറി മൂക്കന്നൂർ ഭാഗത്തക്കു പോകുകയായിരുന്നു.
വാക്കത്തി കണ്ടെത്താൻ അന്വേഷണം തുടങ്ങി; ഇൻക്വസ്റ്റ് നടപടികൾ രാവിലെ ആരംഭിച്ചു
കൊച്ചി: കൊലപാതകശേഷം ബൈക്കുമായി സ്ഥലത്തുനിന്നു മുങ്ങിയ പ്രതി കൊരട്ടി ചിറങ്ങരയിലെ ക്ഷേത്രക്കുളത്തിൽ ബൈക്കുമായി ചാടി ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി തയ്യാറെടുക്കുന്നതിനിടെയാണു പ്രതിയെ നാട്ടുകാരും പോലീസും ചേർന്നു പിടികൂടിയത്. പ്രതി വെട്ടാനുപയോഗിച്ച വാക്കത്തി കുളത്തിൽ വീണിട്ടുണ്ടാകാമെന്നാണു പോലീസ് കരുതുന്നത്. ഇത് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കുളത്തിൽ പതിച്ച ബൈക്ക് ഉയർത്തുവാനും അധികൃതർ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഇതിനിടെ കൂട്ടകൊലപാതകം നടന്നിടത്ത് ഇന്നു രാവിലെ ഫോറൻസിക് സയന്റഫിക് ഓഫീസർ ഡോ. പി.കെ. അനീഷിന്റെ നേതൃത്വത്തിൽ സയന്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി മേൽനടപടികൾ നടത്തിവരികയാണ്. കളമശേരി മെഡിക്കൽ കോളജിൽ നടത്തുന്ന പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും വേഗം ബന്ധുക്കൾക്കു വിട്ടുകൊടുക്കാനുള്ള നടപടികളാണു പോലീസ് സ്വീകരിച്ചുവരുന്നത്.
ബാബു പെട്ടി ഓട്ടോ ഡ്രൈവറാണ്. ശിവരാത്രിക്ക് അമ്മയ്ക്കൊപ്പം പോകുന്നതിനായി സ്മിത ഇന്നലെ വൈകുന്നേരമാണു വീട്ടിലെത്തിയത്. സ്മിതയുടെ ഭർത്താവ് സുരേഷ് വിദേശത്താണ്. സരിത, സബിത എന്നിവരാണ് ശിവന്റെയും വത്സയുടെയും മറ്റു മക്കൾ. കുട്ടൻ, പരേതനായ ഷാജി, ഷിബു എന്നിവരാണു ശിവന്റെ മറ്റു സഹോദരങ്ങൾ.