കൊച്ചി: അങ്കമാലിയിൽ വീടിന് തീപിടിച്ച് അച്ഛനും അമ്മയും രണ്ട് കുട്ടികളും വെന്തുമരിച്ചു. ബിനീഷ് കുര്യൻ(45), ഭാര്യ അനുമോൾ(40), മക്കളായ ജെവാന(8), ജസ്വിൻ(5) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ തീപിടിച്ചത്.
പ്രദേശത്ത് രാവിലെ നടക്കാനിറങ്ങിയവരാണ് വീട്ടിൽ നിന്നും തീപടരുന്നത് കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീപിടിക്കുന്നത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ബിനീഷും ഭാര്യയും മക്കളും ഈ മുറിയിലാണ് ഉറങ്ങിയിരുന്നത്. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ മരിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട് സർക്യൂട്ട് സാധ്യതയെ കുറിച്ച് പോലീസ് പരിശോധിക്കുന്നുണ്ട്. എസിയിൽ നിന്ന് തീപടർന്നതാണോയെന്നും സംശയമുണ്ട്.
ബിനീഷ് അങ്കമാലിയിലെ വ്യാപാരിയാണ്. മൂത്തമകൾ ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.