അങ്കമാലി: കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലംഗ കുടുംബം മരിക്കാനിടയായ സംഭവത്തിൽ ദുരൂഹത തുടരുന്നു. അപകടമുണ്ടായ ദിവസത്തിനു മുന്പു ബിനീഷിന്റെ പ്രവൃത്തികളെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്.ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിലാണ് പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (9), ജെസ് വിൻ (6) എന്നിവർ മരിച്ചത്. ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്.
ബിനീഷിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. മരണപ്പെട്ട ദിവസം 25 ലക്ഷം രൂപയുടെ ഇടപാടുകൾ നടക്കേണ്ട ദിവസമായിരുന്നു. അതേക്കുറിച്ചുള്ള മാനസിക സമ്മർദം ഉണ്ടായതായി സുഹൃത്തുക്കൾ പറയുന്നു.സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഭാര്യ ഉൾപ്പെടെയുള്ളവർക്ക് അറിയില്ലായിരുന്നുവെന്നും സൂചനയുണ്ട്.
വേദനയില്ലാതെ എങ്ങനെ മരിക്കാം എന്നതിനെക്കുറിച്ച് ബിനീഷ് അന്വേഷിച്ചിരുന്നതായി പറയപ്പെടുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ളതിൽനിന്നും ഇതേക്കുറിച്ച് തെരഞ്ഞതായി സംശയിക്കപ്പെടുന്നു.അപകടം ഉണ്ടായി അഞ്ചു ദിവസമായിട്ടും തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. എസിയിലെ ഗ്യാസ് തീ പിടിക്കണമെങ്കിൽ വൈദ്യുതി ലൈനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകണം.
പ്രാഥമിക പരിശോധനയിൽ അത് കണ്ടെത്താനായിട്ടില്ല. ആത്മഹത്യയാണോ അപകട മരണമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.അന്വേഷണ റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിക്കാൻ വിവിധ അന്വേഷണ ഏജൻസികളോട് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ശാസ്ത്രീയമായ വിദഗ്ദ പരിശോധകൾക്ക് ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന് പോലീസ് പറയുന്നു. എല്ലാ സാധ്യതകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.