അങ്കമാലി: അങ്കമാലിയിൽ കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലംഗ കുടുംബം മരിക്കാനിടയായ സംഭവം ആത്മഹത്യയെന്ന് പോലീസ്. പെട്രോളിന്റെ സാന്നിധ്യം മുറിയിൽ ഉണ്ടായിരുന്നതായി ശാസത്രീയ പരിശോധനയിൽ തെളിഞ്ഞു.
ജൂൺ എട്ട് ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിലാണ് പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45) ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (9) ജെസ് വിൻ (6) എന്നിവർ മരിച്ചത്. ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്.
ബിനീഷ് അങ്കമാലി ആലുവ റോഡിലുള്ള പമ്പിൽനിന്നും മൂന്നു ലിറ്റർ പെട്രോൾ ഓയിൽ ടിന്നിൽ വാങ്ങിക്കൊണ്ടുപോയതായി പോലീസിന്റെ അന്വേഷണത്തിൻ തെളിഞ്ഞിട്ടുണ്ട്. ഇതുമായി മരണപ്പെട്ട രാത്രിയിൽ മുറിയിലേക്ക് കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭ്യമായിരുന്നു.
ബിനീഷിന് ഓയിൽ പാട്ടയിൽ പമ്പിൽനിന്നും പെട്രോൾ അടിച്ചു കൊടുത്ത പമ്പ് ജീവനക്കാരനെ സാക്ഷിയാക്കി മൊഴിയെടുത്തിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയും കുടുംബ സ്വത്ത് സംബന്ധിച്ച തർക്കങ്ങളുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.