അങ്കമാലി: വെടിക്കെട്ടിനിടെ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടർന്ന് ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്ക്. മാമ്പ്ര മുല്ലേപ്പറമ്പൻ ഷാജുവിന്റെ മകൻ സൈമൺ (23) ആണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അങ്കമാലി കറുകുറ്റി അസീസി നഗർ കപ്പേളയിലെ തിരുനാളിനോടനുബന്ധിച്ച് രാത്രി 8.30 ഓടെ റോഡിലിട്ട് പടക്കം പൊട്ടിക്കവേ ഈർക്കിൽ പടക്കം തെറിച്ച് വെടിക്കെട്ട് സാമഗ്രികളിലേക്ക് വീഴുകയായിരുന്നു.
അസീസി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ മുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പടക്ക സാമഗ്രികൾ വെടിക്കെട്ടിനു വേണ്ടി എടുത്തു കൊടുത്തു കൊണ്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കൂട്ടത്തിലുണ്ടായ വരെ തള്ളിമാറ്റി തീ പടരാതെ മുറിയുടെ വാതിൽ അടച്ചതിനെ തുടർന്ന് അകത്തു കുടുങ്ങിയ സൈമണാണ് ദാരുണമായി മരിച്ചത്. അങ്കമാലിയിൽനിന്ന് ഫയർഫോഴ്സ് സംഘം എത്തുന്നതിനു മുൻപേ നാട്ടുകാർ തീയണച്ചിരുന്നു.
അപകടത്തിൽ പൊളളലേറ്റ മെൽജോ പൗലോസ് (35), സ്റ്റെഫിൻ ജോസ് (32), എന്നിവർ അങ്കമാലി എൽഎഫ് ആശുപത്രിയിലും ജസ്റ്റിൻ ജയിംസ്(13), ജോയൽ ബിജു(12) എന്നിവർ എറണാകുളം മെഡിക്കൽ സെന്ററിലും ചികിൽസയിലാണ്. ഇവരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. ഇരുവർക്കും അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.കറുകുറ്റിയിലെ ചുമട്ടുതൊഴിലാളിയാണ് മരിച്ച സൈമൺ.
അമ്മ: മോളി,സഹോദരി: മോൻസി. കളമശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
എംഎൽ എ റോജി എം. ജോൺ, ആലുവ റൂറൽ എസ്പി എ.വി.ജോർജ്, തഹസിൽദാർ, ഫോറൻസിക് വിദഗ്ദർ അങ്കമാലി എസ്ഐ സോണി മത്തായി തുടങ്ങിയവർ ഇന്നലെ സംഭവസ്ഥലത്തെത്തിയിരുന്നു. മന്ത്രിയുമായി ആലോചിച്ച ശേഷം ധനസഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്നു രാവിലെ സ്ഥലം സന്ദർശിച്ച ശേഷം ഇന്നസെന്റ് എംപി പറഞ്ഞു.