എന്തു പ്രശ്നം ഉണ്ടായാലും പോലീസിനെ തെറിവിളിക്കുന്നവര്‍ക്ക് ശനിയാഴ്ച്ചയും കിട്ടി ഒരു കാരണം. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസ് താരങ്ങളെ അപമാനിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ വാഹനത്തിന്റെ ചിത്രം കണ്ടവരും സംഭവത്തിനു ദൃക്സാക്ഷികളുമായിരുന്നവര് പറയുന്നത് മറിച്ചാണ്. സ്റ്റിക്കര്‍ വര്‍ക്കുകള്‍ നിറച്ച് നിയമവിരുദ്ധമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നാണ് സംഭവത്തിനു സാക്ഷ്യം വഹിച്ചവര്‍ പറയുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോനായിരുന്നു വാഹനപരിശോധന നടത്തിയത്.
ബിജുമോന്റെ പ്രതികരണം ഇപ്രകാരം- മുഖ്യമന്ത്രിയുടെ ഡ്യൂട്ടിക്കായി പോകുകയായിരുന്നു. അപ്പോള്‍ ഉള്ളിലുള്ളവരെ പുറത്തുകാണാത്ത തരത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച ഒരു ഇന്നോവാ കാര്‍ പോകുന്നത് കണ്ടു. നല്ല ഭാരം കയറ്റിയ പോലെയായിരുന്നു വാഹനത്തിന്റെ പോക്ക്. മൂവാറ്റുപുഴ ഗ്രാന്‍ഡ് മാളിനടുത്തുവച്ച് വാഹനം തടഞ്ഞ് ഉള്ളിലുള്ളവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് െ്രെഡവറുടെ സീറ്റിന് പിന്നിലിരുന്ന പെണ്‍കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വിവരങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ അവരെ പറഞ്ഞുവിട്ടു. സിനിമ ഞാന്‍ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ നടീനടന്മാരെ തിരിച്ചറിയാനുമായില്ല. സിനമക്കാരാണെന്നു പറഞ്ഞപ്പോള്‍ പള്‍സര്‍ സുനിയുടെ കാര്യമൊക്കെ മാധ്യമങ്ങളില്‍ വന്നത് നിങ്ങള്‍ അറിഞ്ഞതല്ലേ എന്ന് ചോദിച്ചു. ഒരു പെണ്‍കുട്ടി മാത്രമായി നിങ്ങള്‍ ഇത്രയുംപേര്‍ ചുറ്റും മറച്ച വാഹനത്തില്‍ കറങ്ങുന്നത് ശരിയല്ലെന്നും ഇങ്ങനെ സിറ്റിയിലേക്കും മറ്റും പോകരുതെന്നും നിര്‍ദ്ദേശിച്ചു. മറ്റൊരു പെണ്‍കുട്ടി കൂടി വാഹനത്തില്‍ ഉണ്ടായിരുന്നെന്നും മൂവാറ്റുപുഴയില്‍ എത്തുന്നതിനു മുമ്പ് അവര്‍ ഇറങ്ങിയതാണെന്നുമായിരുന്നു കാറിലുണ്ടായിരുന്നവരുടെ മറുപടി. ഇവിടത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുമെന്നും ബിജുമോന് പറയുന്നു.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ചിത്രത്തിന്റെ സംവിധായകന് ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് ലൈവിലൂടെയാണ് സംഭവത്തെക്കുറിച്ച് ലോകത്തെ അറിയിക്കുന്നത്. വണ്ടിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്നു ചോദിച്ച് വണ്ടിയിലേക്ക് പോലീസുകാര്‍ തലയിട്ടു നോക്കിയെന്നും അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയെന്നും താരങ്ങള്‍ ആരോപിക്കുന്നു. താരങ്ങളുടെ പേര് മാറ്റി ക്രിമിനലുകളുടെ പേരു പോലെയാക്കണോ എന്നുവരെ ചോദിച്ചതായും ലിജോ ജോസ് പെല്ലിശ്ശേരി വീഡിയോയില്‍ പറയുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് പരിശോധന നടത്തിയതെന്നും ലിജോ ജോസ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
സദാചാര ഗൂണ്ടായിസത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ നിത്യേനയെന്നോണം പുറത്തുവരുന്ന പശ്ചാത്തലത്തില്‍ സംരക്ഷണം തരേണ്ടവരില്‍ നിന്നു തന്നെ ഇത്തരം ആക്രമണങ്ങളും പെരുമാറ്റവും ഉണ്ടാവുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ലിജോ ജോസ് ഫേസ്ബുക്ക് വീഡിയോയില്‍ ചോദിച്ചിരുന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ സിനിമക്കാരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.