പരീക്ഷണമെന്ന നിലയില്‍ തിയറ്ററിലെത്തി മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. 85ലേറെ പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ചിത്രം പക്ഷേ വാര്‍ത്തകളില്‍ നിറയുന്നത് മറ്റു കാരണങ്ങളിലാണ്. ആദ്യം വിവാദത്തില്‍പ്പെട്ടത് മൂവാറ്റുപുഴയില്‍ സ്റ്റിക്കറൊട്ടിച്ച കാറിലെത്തി പോലീസിന്റെ നേര്‍ക്ക് തട്ടിക്കയറിയായിരുന്നു. ആ വിഷയത്തില്‍ വന്‍ വിമര്‍ശനമാണ് അണിയറക്കാര്‍ നേരിടേണ്ടിവന്നത്. ഇപ്പോഴിതാ തൃശൂര്‍ ഗിരിജ തിയറ്ററില്‍ ബംഗാളികളെ ഇറക്കി സിനിമയ്ക്ക് ആളെക്കൂട്ടിയും ഗുണ്ടായിസം കാണിച്ചുവെന്ന പരാതിയുമാണ് ഉയര്‍ന്നിരിക്കുന്നത്. തിയറ്റര്‍ ഉടമയായ ഡോ. കെ. പി. ഗിരിജ ഇതുസംബന്ധിച്ച് പോലീസില്‍ പരാതിയും നല്കി. ദിലീപ് ചിത്രത്തെ ഒതുക്കുകയെന്ന ഉദ്ദേശത്തോടെയാണ് അങ്കമാലി ഡയറീസിന്റെ അണിയറക്കാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ഗിരിജ പറയുന്നത്.
ആളുകുറഞ്ഞ ചിത്രം തുടര്‍ന്നും പ്രദര്‍ശിപ്പിക്കാന്‍ ബംഗാളികള്‍ക്ക് സൗജന്യമായി ടിക്കറ്റ് കൊടുത്ത് കയറ്റുകയും ചിത്രം മാറ്റാതിരിക്കാന്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഡോ. ഗിരിജ ആരോപിച്ചു. ബംഗാളികള്‍ ചിത്രം കാണുന്നതിന്റെയും തിയറ്ററിലിരുന്ന് ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളും ബഹളം വയ്ക്കുന്നതിന്റെ വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം തിയേറ്ററില്‍ ആളില്ലെന്ന് കാണിച്ച് അങ്കമാലി ഡയറീസിനെ ഒതുക്കാനും ഷോ മുടക്കാനും ഗിരിജ തിയേറ്ററിന്റെ ഉടമകള്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് നിര്‍മാതാവ് വിജയ് ബാബു, സാന്ദ്ര തോമസ്, നടന് രൂപേഷ് പീതാംബരന് എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.
മള്‍ട്ടിപ്ലക്സുകളില്‍ പോലും ചിത്രത്തിന് ആളില്ലാത്തപ്പോഴാണ് തന്റെ തിയേറ്ററില്‍ മാത്രം ഇത്ര തിരക്കുണ്ടാവുന്നതെന്ന് ഡോ.ഗിരിജ പറയുന്നു. ചിത്രം ഹോള്‍ഡ് ഓവര്‍ ആകാതിരിക്കാന്‍ വേണ്ടി നിര്‍മാതാവ് നടത്തിയ കള്ളക്കളിയാണ് തിയറ്ററില്‍ ആളെ ഇറക്കിയത്. കളക്ഷന്‍ പ്രത്യേക പരിധിയില്‍ താഴ്ന്നാല്‍ ഉടമയ്ക്ക് പ്രദര്‍ശനം നിറുത്താന്‍ അവകാശമുണ്ട്. ഇതിനെയാണ് ഹോള്‍ഡ് ഓവര്‍ എന്ന് പറയുന്നത്. എന്നാല്‍ ഇത് ഒഴിവാക്കാനുള്ള നിര്‍മാതാവിന്റെ കളിയായിരുന്നു ഇതെന്നും അവര്‍ പറയുന്നു.
സിനിമ കാണാനെന്ന വ്യാജേന നിര്‍മാതാവ് അങ്കമാലിയില്‍ നിന്നും ബംഗാളികളെ ബസില്‍ ഇറക്കുകയായിരുന്നത്രേ. ഇവര്‍ സിനിമ കാണാനായി വന്നവരായിരുന്നില്ല. തിയറ്ററിലിരുന്ന ഉറങ്ങുകയായിരുന്നു അവര്‍. തങ്ങള്‍ അങ്കമാലിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുകയാണെന്ന് ബംഗാളികള്‍ പറയുന്നതിന്റെ വീഡിയോയും തിയറ്ററുടമ പകര്‍ത്തിയിട്ടുണ്ട്. അന്നേ ദിവസത്തെ മൂന്ന് പ്രദര്‍ശനങ്ങള്‍ക്കും തീരെ ആളുണ്ടായിരുന്നില്ല. എന്നാല്‍ സെക്കന്‍ഡ് ഷോയ്ക്കായി നിര്‍മാതാവ് ആളുകളെ ഇറക്കുകയായിരുന്നു. ഇവര്‍ സിനിമ കാണാനെത്തിയ കുടുംബ പ്രേക്ഷകര്‍ക്ക് ശല്യമുണ്ടാക്കി. തുടക്കം മുതലേ അവര്‍ ഗുണ്ടകളേപ്പോലെയാണ് പെരുമാറിയതെന്നും ഗിരിജ പറയുന്നു.
ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വ്യക്തിയാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് തിയറ്റര്‍ ഉടമ നല്കുന്ന സൂചന. ദിലീപിന്റെ ഒരു ചിത്രവും തൃശൂരില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വാശിയിലാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം. ഇതിന് അങ്കമാലി ഡയറീസിന്റെ അണിയറ പ്രവര്‍ത്തകരുടെ മൗനാനുവാദമുണ്ടെന്നാണ് സൂചന. കഴിഞ്ഞദിവസം എറണാകുളം പ്രസ് ക്ലബില്‍ അങ്കമാലി ഡയറീസിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്ത പത്രസമ്മേളനമുണ്ടായിരുന്നു. കാറില്‍ സ്റ്റിക്കര്‍ പതിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ സംവിധായകന് ലിജോ ജോസ് പെല്ലിശേരി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയിരുന്നു.