കോട്ടയം: അങ്കണവാടി ടീച്ചർമാർ ഇനി സ്മാർട്ടാകും. പ്രധാനമന്ത്രിയുടെ നാഷണൽ ന്യുട്രീഷൻ മിഷൻ പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിൽ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന സന്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2050 അങ്കണവാടി പ്രവർത്തകർക്ക് സൗജന്യമായി സ്മാർട്ട് ഫോണ് നൽകി.
നിലവിൽ അങ്കണവാടി പ്രവർത്തകർ നടത്തിവരുന്ന പോഷകാഹാര പദ്ധതി, ഗർഭിണികളുടെ പരിചരണം, കുട്ടികളുടെ പോഷകാഹാര പദ്ധതി തുടങ്ങി നിരവധിയായ വനിതാ ശിശുവികസ പ്രവർത്തങ്ങളുടെ റിപ്പോർട്ടുകളും മറ്റും ഇനി ആപ്പിലൂടെയായിരിക്കും നൽകുക.
ഇതിനായി ഐസിഡിഎസ് സിഎഎസ് എന്ന പേരിൽ നാഷണൽ ന്യൂട്രീഷൻ മിഷൻ വകുപ്പും തയാറാക്കിയിട്ടുണ്ട്. ഇതിന്റെ പരിചയപ്പെടുത്തലും ഉപയോഗം സംബന്ധിച്ചും അങ്കണവാടി പ്രവർത്തകർക്കായി കോട്ടയത്ത് മൂന്നു ദിവസമായി നടത്തി വന്ന പരിശീലന പരിപാടിയും സമാപിച്ചു. ലാവയുടെ സ്മാർട്ട് ഫോണും ബിഎസ്എൻഎൽ സിം കാർഡും പവർ ബാങ്കുമാണ് നൽകിയിരിക്കുന്നത്.