എല്ലാവർക്കും ഓരോ ഹോബികളുണ്ട്. ബ്രിട്ടനിലെ ഏഞ്ചല ക്ലാർക്കിന്റെ ഹോബി അല്പം വ്യത്യസ്തമാണ്. സൗത്ത് വെയിൽസിലെ അബെർഡെയിൽ നിന്നുള്ള 55കാരിയാണ് ഏഞ്ചല.
പ്ലാസ്റ്റിക് ബാഗുകൾ സൂക്ഷിക്കുന്നതും ശേഖരിക്കുന്നതുമാണ് ഇവരുടെ പ്രധാന ഹോബി. ഇതിനായി ചെലവഴിച്ചത് 40 വർഷമാണ്!
പഴയ പ്ലാസ്റ്റിക്ക് ബാഗുകളോട് പ്രിയമുണ്ടായിരുന്ന ഇവർ പതിനായിരത്തിലധികം ബാഗുകൾ ശേഖരിച്ച് റെക്കോർഡിൽ ഇടം നേടി. ഏഞ്ചലയുടെ ശേഖരമിപ്പോൾ ആയിരക്കണക്കിനു പൗണ്ട് വിലമതിക്കുന്നതാണ്.
1976ൽ 11 വയസുള്ള ഏഞ്ചല എലിസബത്ത് രാജ്ഞിയുടെ രജത ജൂബിലി പ്രമാണിച്ച് യൂണിയൻ ജാക്ക് ക്യാരിബാഗുകൾ കൊണ്ട് തന്റെ കുടുംബ വീട് അലങ്കരിക്കാൻ തീരുമാനിച്ചതോടെയാണ് ഈ അഭിനിവേശം ആരംഭിച്ചത്.
അവളുടെ ശേഖരം വർധിച്ചതിനു ശേഷം ഏഞ്ചല നോയൽ എഡ്മണ്ട്സിനൊപ്പം ഹിറ്റ് ബിബിസി ഷോ മൾട്ടി-കളർ സ്വാപ്പ് ഷോപ്പിൽ പങ്കെടുത്തു.
അതിനുശേഷം ബിബിസി അവൾക്കായി നൂറുകണക്കിന് ബാഗുകൾ അയച്ചു. ഡിസൈനർമാർ ഓട്ടോഗ്രാഫ് ചെയ്തയച്ച ബാഗുകളും ഹൗസ് ഓഫ് ലോർഡ്സിൽ നിന്നയച്ച ബാഗുകളും ഏഞ്ചല സ്വന്തമാക്കി.
ബാഗുകളിൽ ചിലത് 1954വരെ പഴക്കമുള്ളതാണ്. അവ ചരിത്ര പുരാവസ്തുക്കളായി തരം തിരിച്ചിട്ടുണ്ട്.
ടെസ്കോ, അസ്ഡാ, ജെസിപെന്നി തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ ബാഗുകളും ഈ ശേഖരണത്തിലുണ്ട്. തന്റെ ഭർത്താവിന്റെ ഫാക്ടറിയിലാണ് ഏഞ്ചല ബാഗുകൾ സൂക്ഷിച്ചിരിക്കുന്നത്.