നാദാപുരം: വിലങ്ങാട് അടുപ്പിൽ ആദിവാസി കോളനിയിലെ ആംഗൻവാടി കെട്ടിടത്തിന് ഭീഷണിയായി മൂന്ന് ഉണങ്ങിയ തെങ്ങുകൾ. കോളനിയിലെ ആംഗൻവാടി കെട്ടിടത്തിന് ഭീഷണിയുയർത്തി ഉണങ്ങിയ തെങ്ങുകൾ നിൽക്കാൻ തുടങ്ങിയിട്ട് ഏറെ മാസങ്ങളായി.
ഏത് നിമിഷവും കെട്ടിടത്തിന് മുകളിലേക്ക് തെങ്ങ് വീഴാൻ പാകത്തിലാണ്. പുതിയ അധ്യായന വർഷത്തിൽ സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രമാണുളളത് എന്നാൽ ഈ തെങ്ങുകൾ മുറിച്ച് മാറ്റാൻ നടപടികളൊന്നും ആയിട്ടില്ല. ആംഗൻവാടി കെട്ടിടത്തിന് സമീപത്തെ വായനശാലക്കും തെങ്ങുകൾ ഭീഷണിയാണ്.
ആംഗൻവാടി കെട്ടിടങ്ങൾക്കും എൽഎസ്ജിഡി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടം. എന്നാൽ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപത്തെ ആദിവാസി കുട്ടികൾ പഠിക്കുന്ന ആംഗൻവാടിക്ക് സമീപത്തെ ഉണങ്ങിയ തെങ്ങുകൾ മുറിച്ച് മാറ്റിയിട്ടില്ല. വിലങ്ങാട് മലയോരത്ത് ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴുന്നത് പതിവാണ്.
ദിവസങ്ങൾ ഇത്രയായിട്ടും തെങ്ങ് വീണ് കെട്ടിടം തകരാനുള്ള സാദ്ധ്യത ഉണ്ടെന്നിരിക്കെ ആദിവാസി കോളനിയിലെ പിഞ്ചു കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ കെട്ടിടത്തെ സംരക്ഷിച്ചു നിറുത്താനുള്ള നടപടികൾ ഉണ്ടാകാതെ പോയത് ദൗർഭാഗ്യകരമാണ്. കോളനിയിലെ ഉണങ്ങിയ തെങ്ങുകൾ മുറിച്ച് മാറ്റിയില്ലെങ്കിൽ വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഭയപ്പെടുകയാണ്.