ശ്രീകണ്ഠപുരം: തരിശായി കിടക്കുന്ന ആംഗന്‍വാടി വളപ്പില്‍ കൃഷിയൊരുക്കി മാതൃകയാവുകയാണ് ചെങ്ങളായി നെല്ലിക്കുന്ന് ആംഗന്‍വാടി. ആകെയുള്ള 15 സെന്റ് സ്ഥലത്ത് അഞ്ച് സെന്റിലാണ് ആംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ബാക്കി പത്ത് സെന്റിലാണ് കൃഷി നടത്തിയിരിക്കുന്നത്. മരച്ചീനി, ചേമ്പ്, പയര്‍, ചീര, മഞ്ഞള്‍ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. പന്ത്രണ്ട് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരു കുട്ടിയുടെ ഉച്ചഭക്ഷണത്തിനുള്ള കറിക്ക് 50 പൈസയാണ് ഒരുദിവസത്തേക്ക് സാമൂഹികനീതി വകുപ്പ് അനുവദിച്ചിരിക്കുന്നത്.
ഈ തുക ഉപയോഗിച്ച് ഭക്ഷണം നല്കാന് കഴിയാതായതോടെയാണ് ആംഗന്‍വാടി വളപ്പില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചതെന്ന് വര്‍ക്കര്‍ സി. അനിതയും ഹെല്‍പ്പര്‍ സി.എം. ശ്രീജയും പറഞ്ഞു. ആവശ്യമായ വിത്തുകള്‍ കുട്ടികളുടെ രക്ഷിതാക്കളാണ് നല്‍കിയത്. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമാണ് കൃഷിക്കാവശ്യമായ സമയം കണ്ടെത്തുന്നത്. കൃഷിയില്‍നിന്ന് മികച്ച വിളവ് ലഭിച്ചുതുടങ്ങിയതോടെ നെല്ലിക്കുന്ന് ആംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ എല്ലാദിവസവും ഉച്ചയ്ക്ക് മികച്ച സദ്യതന്നെയാണ്. ’