വേലൂർ: പഞ്ചായത്ത് യോഗത്തിൽനിന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. മണിമലർക്കാവ് 76 -ാം നമ്പർ അങ്കണവാടിയിലെ ഗേറ്റ് വിഷയവുമായി ബന്ധപ്പെട്ടാണ് വേലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽനിന്നിറങ്ങി പ്രതിഷേധിച്ചത്.അങ്കണവാടിയില്‍ ഗേറ്റ് വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം സി.ഡി. സൈമൺ നിരവധിതവണ അപേക്ഷ സമർപ്പിച്ചിരുന്നു.
എന്നാല്‍ പഞ്ചായത്ത് ഭരണസമിതി നിരസിച്ചു. സംശയംതോന്നിയ സി.ഡി. സൈമൺ വിവരാവകാശനിയമപ്രകാരമെടുത്ത രേഖയിൽ ഈ അങ്കണവാടിയിൽ ഗേറ്റ് വച്ചതായും പൈസ കൈമാറിയതായും കണ്ടെത്തി. നവീകരണത്തിന്റെ ഭാഗമായി മുൻ ഭരണ സമിതിയുടെ കാലത്ത് പണം നൽകുകയും 40 കിലോ വരുന്ന ഗെയ്റ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തി ഇപ്പോഴത്തെ പ്രസിഡന്റ് ടി.ആർ. ഷോബിയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഷേർലി ദിലീപ്കുമാറും ഒപ്പിട്ട് പണം കൈമാറിയതായും രേഖകളിലുണ്ട്.
എന്നാൽ ഏഴുവർഷമായിട്ടും ഈ അങ്കണവാടിയിൽ ഗേറ്റ് സ്ഥാപിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസിൽ പരാതി നൽകി. വിജിലൻസ് പ്രാഥമിക അന്വേഷണംനടത്തി.
ഇക്കാര്യങ്ങൾ അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്യണമെന്നും അഴിമതിയിലെ മുഴുവൻ കണ്ണികളേയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അഴിമതിക്ക് ഒത്താശചെയ്ത പഞ്ചായത്ത് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് അംഗങ്ങളായ സ്വപ്ന രാമചന്ദ്രൻ, സി.ഡി. സൈമൺ, പി.എൻ. അനിൽ, നിധീഷ് ചന്ദ്രൻ, വിജിനി ഗോപി, ബാലകൃഷ്ണൻ, അജി ജോഷി എന്നിവർ പഞ്ചായത്ത് യോഗത്തിൽനിന്നു ഇന്നലെ ഇറങ്ങിപ്പോയി പ്രതിഷേധിച്ചത്.
എന്നാൽ അടുത്തദിവസംതന്നെ അങ്കണവാടിയിൽ ഗേറ്റ് സ്ഥാപിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി അറിയിച്ചു.മുൻ ഭരണസമിതിയിൽ ഉണ്ടായിട്ടുള്ള വീഴ്ച പരിഹരിക്കും. പണം കൈപ്പറ്റിയ നിർമാണകരാറുകാരനും എൻജിനീയർക്കുമെതിരെയുള്ള നടപടിക്രമങ്ങൾ പഞ്ചായത്ത് ഉടനെ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി അറിയിച്ചു.