മുക്കം : വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൽപ്പള്ളി പാടത്തുംകണ്ടി അങ്കണവാടിക്ക് സ്വന്തം കെട്ടിടം വേണം. 2007 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിച്ച അങ്കണവാടി 13 വർഷം പൂർത്തിയാകുേമ്പാഴും അസൗകര്യങ്ങൾ മാത്രമുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ 12 കുട്ടികളും രണ്ട് ജീവനക്കാരും അങ്കണവാടിയിലുണ്ട്. വിവിധ വാടകക്കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ച് ഇപ്പോൾ പഴയൊരു വീടിന്റെ വരാന്തയിലും ഒറ്റമുറിയിലുമായി അസൗകര്യത്തിൽ വീർപ്പുമുട്ടുകയാണ് ഈ സ്ഥാപനം.
നിന്നുതിരിയാൻ ഇടമില്ലാത്തവിധമാണ് ഇവിടെ പ്രവർത്തനം. ഭക്ഷ്യധാന്യങ്ങൾ സുക്ഷിക്കുന്നതും കൗമാരക്കാർക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ധാന്യം വിതരണം ചെയ്യുന്നതും ഇവർക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ് നടത്തുന്നതുമെല്ലാം വരാന്തയിലാണ്.
കുട്ടികൾക്ക് ഓടിച്ചാടിയോ കളിപ്പാട്ടങ്ങൾ ഉപയോഗിച്ചോ കളിക്കാനുള്ള സ്ഥലംപോലും ഇവിടെയില്ല. ഗ്രാമപഞ്ചായത്ത് പരിധിയിലെ 29 അങ്കണവാടികളിൽ ഏറ്റവും മോശപ്പെട്ട അങ്കണവാടിയാണിത്. ഇതിനുമുന്നിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ രണ്ട് ഏക്കറിലധികം സ്ഥലമുണ്ട്.
അങ്കണവാടി ക്കാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത്, ജില്ല അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് പല തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. സ്ഥലം ലഭ്യമാക്കിയാൽ നിർമാണത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കാൻ നടപടിയെടുക്കാമെന്ന് േബ്ലാക്ക് പഞ്ചായത്ത് മെംബർ രവികുമാർ പനോളി അറിയിച്ചു.