റാന്നി: കുരുന്നുകൾക്ക് അങ്കണവാടിയിൽ സുഖനിദ്രയ്ക്ക് പ്രമോദ് നാരായൺ എംഎൽഎയുടെ സ്നേഹസമ്മാനം. നിയോജകമണ്ഡലത്തിലെ എല്ലാ അങ്കണവാടി കുട്ടികൾക്കും കുഞ്ഞുമെത്തകളാണ് വിതരണം ചെയ്തത്.
എംഎൽഎ തന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് റാന്നി നിയോജക മണ്ഡലത്തിലെ മുഴുവൻ അങ്കണവാടിയിലെ കുട്ടികൾക്കും 377 മെത്തകളാണ് വാങ്ങി നൽകിയത്.
ഇതിനായി മൂന്നുലക്ഷം രൂപയാണ് ഫണ്ടിൽനിന്ന് ചെലവഴിച്ചത്. അങ്കണവാടിയിലെ കുട്ടികൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ മുന്നോടിയായാണ് മെത്തകളുടെ വിതരണം.
മെത്തകളുടെവിതരണോദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധൻ, കെ.കെ. രാജീവ്, രാധാ സുന്ദർ സിംഗ് എന്നിവർ പ്രസംഗിച്ചു.