ചേർത്തല: അങ്കണവാടിക്കുവേണ്ടി കെട്ടിടം നിർമിക്കാൻ ചെന്ന സർവേ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ സിപിഎം പ്രാദേശിക പ്രവർത്തകർ തടഞ്ഞതായി പരാതി. നഗരസഭ 13-ാം വാർഡിലെ അങ്കണവാടി കെട്ടിടത്തിന്റെ നിർമാണത്തെ ചൊല്ലിയാണ് തർക്കം. സെന്റ് മേരീസ് പാലത്തിനു തെക്കായി ഇപ്പോൾ സ്ഥിതിചെയ്യുന്ന കെട്ടിടം ജീർണാവസ്ഥയിലാണ്. കെട്ടിടത്തിന്റെ ഭിത്തി തകർന്നതുമൂലം ഭീതിയോടെയോടെയാണ് കുട്ടികൾ ഇവിടെ പഠിക്കാനെത്തുന്നത്.
ഇതേ തുടർന്ന് വാർഡ് കൗണ്‍സിലറായ ഡി.ജ്യോതിഷ് ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതരെ സമീപിക്കുകയും മുപ്പതുലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതേ വാർഡിലുള്ള ഇഎംഎസ് വായനശാലയുടെ സമീപം നഗരസഭയുടെ അധീനതയിലുള്ള പുറംപോക്ക് സ്ഥലത്ത് കെട്ടിടം നിർമിക്കാൻ നഗരസഭ കൗണ്‍സിൽ അംഗീകാരവും നൽകി.
സെക്രട്ടറി റവന്യൂ വകുപ്പിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ സർവേ ഉദ്യോഗസ്ഥർ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനായി എത്തിയെങ്കിലും ഇവിടെയുള്ള സിപിഎം പ്രവർത്തകർ തടസപ്പെടുത്തുകയായിരുന്നുവെന്ന് കൗണ്‍സിലർ ഡി.ജ്യോതിഷ് പറഞ്ഞു.