ജിജേഷ് ചാവശേരി
മട്ടന്നൂർ: ശക്തമായ ചൂടിൽ നാട് വെന്തുരുകുമ്പോഴും വൈദ്യുതിയും ഫാനുമില്ലാതെ ഇല്ലാതെ അങ്കണവാടികൾ പ്രവർത്തിക്കുന്നത് കുട്ടികൾക്ക് ദുരിതമാകുന്നു. മാലൂർ പഞ്ചായത്തിലെ 26 അങ്കണവാടികളിൽ ഇരുപത്തിയഞ്ചും വൈദ്യുതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്.അനുദിനം താപനില ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്.
അവധിക്കാലത്തെ സ്പെഷൽ ക്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടൊപ്പം കുട്ടികൾക്കുള്ള ക്യാമ്പുകൾക്ക് പോലും നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ മൂന്ന് വയസിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികൾ പഠനത്തിന്എത്തിച്ചേരുന്ന അങ്കണവാടികൾക്ക് ഇക്കാലയളവിൽ യാതൊരു ഇളവും നൽകാൻ സർക്കാർ തയാറായിട്ടില്ല.
രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയുള്ള സമയങ്ങളിൽ കടുത്ത ചൂട് സഹിച്ചാണ് കുട്ടികൾ അങ്കണവാടികളിൽ കഴിയുന്നത്. കെട്ടിടം നിർമിക്കുമ്പോൾ അങ്കണവാടികളിൽ വൈദ്യുതിയോ ഫാനോ സ്ഥാപിക്കാത്തതാണ് വൈദ്യുതി കണക്ഷൻ ലഭിക്കാത്തത്.
മാലൂർ പഞ്ചായത്തിലെ 26 അങ്കണ വാടികളിൽ ഒന്നൊഴികെ മറ്റെല്ലാ അങ്കണവാടികളും സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശിവപുരം കരൂഞ്ഞി അങ്കണവാടിയാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ചില അങ്കണവാടി കെട്ടിടത്തിൽ വയറിംഗ് പൂർത്തീകരിക്കുകയും ഫാൻ ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നുവെങ്കിലും വൈദ്യുതി കണക്ഷൻ നൽകാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കാൻ തയാറായിട്ടില്ല.
ഫാനില്ലാത്തതിനാൽ ചുട്ടുപൊള്ളുന്ന ചൂടിൽ വിയർത്തൊലിച്ചാണ് കുട്ടികൾ അങ്കണവാടികളിൽ കഴിയേണ്ടി വരുന്നത്. ഇത് കുട്ടികളിൽ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുകയാണ്. അതിനാൽ ചൂട് കൂടിയതോടെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവാണ് അങ്കണവാടികളിൽ അനുഭവപ്പെടുന്നത്.
സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളോട് സ്വന്തം വകുപ്പ് പോലും നീതി കാണിക്കാത്ത അവസ്ഥയാണുള്ളത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അങ്കണ വാടികൾക്ക് ചൂട് കുറയുന്നതു വരെ അവധി അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.