പൂച്ചാക്കൽ: ചുട്ടുപൊള്ളുന്ന വേനലിൽ വിയർത്തൊലിച്ച് കുരുന്നുകൾ. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാൽ കൊടും ചൂടിൽ ഉരുകുകയാണ് ഒരു അംഗൻവാടിയിലെ കുട്ടികൾ. പാണാവള്ളി ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിലെ അന്പത്തിയഞ്ചാം നന്പർ അംഗൻവാടിയിലെ ഇരുപത്തി രണ്ടോളം കുട്ടികൾക്കാണ് ഈ ദുരവസ്ഥ.
നിർമാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ വൈദ്യുതി ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2017-18 കാലയളവിൽ ഏഴു ലക്ഷം മുടക്കിയാണ് അംഗൻവാടിയുടെ നിർമാണം പൂർത്തികരിച്ചത്. കെട്ടിടം പണി പൂർത്തിയാക്കിയതിനൊപ്പം പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ഇലക്ട്രിക് വർക്കുകളും അനുബന്ധ നടപടികളും പൂർത്തിയാക്കിയിരുന്നില്ല.
കുട്ടികളുടെ കഷ്ടപ്പാടുകൾ കണ്ട് ഐസിഡിഎസ് അധികൃതരേയും പഞ്ചായത്തിനേയും സമീപിച്ചെങ്കിലും എസ്റ്റിമേറ്റിൽ വയറിംഗിന്റെ കാര്യം ഉൾക്കൊള്ളിച്ചിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ വയറിംഗ് ജോലികൾ തങ്ങൾ പൂർത്തിയാക്കാമെന്നും 10 മീറ്റർ മാത്രം അകലെയുള്ള പോസ്റ്റിൽ നിന്നും കണക്ഷൻ എടുക്കുന്ന കാര്യങ്ങൾ ചെയ്തു തരണമെന്നുള്ള പ്രദേശവാസികളുടെ അവശ്യം അധികൃതർ കേട്ട ഭാവമില്ല.
വേനൽ ചൂടിൽ നിന്നും സംരക്ഷണം നൽകാൻ സർക്കാർ തലത്തിൽ സാധ്യമായതെല്ലാം ചെയ്യുന്പോൾ അന്പത്തിയഞ്ചാം നന്പർ അംഗൻവാടിയുടെ കാര്യത്തിൽ ബന്ധപ്പെട്ടവർ നിയമ തടസങ്ങൾ ഉന്നയിയ്ക്കുകയാണ്. നിത്യേനയുള്ള കുട്ടികളുടെ ഉച്ചയുറക്കം പോലും ഈ സാഹചര്യത്തിൽ കഴിയാറില്ലെന്ന് ജീവനക്കാർ തുറന്ന് സമ്മതിയ്ക്കുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പെപ്പ്
ലൈൻ കെട്ടിടത്തിന് സമീപത്തുകൂടി കടന്നു പോകുന്നുണ്ടെങ്കിലും ഈ അംഗൻവാടിയ്ക്ക് കുടിവെള്ളവും കിട്ടാക്കനിയാണ്. ഇരുപത്തിരണ്ടിലധികം കുട്ടികൾ നിത്യേന എത്തുന്ന ഈ അംഗൻവാടിയുടെ അശാസ്ത്രീയമായ കെട്ടിട നിർമാണത്തിനെതിരെ പ്രദേശവാസികൾ തുടക്കം മുതലേ പ്രതിഷേധവുമായി രംഗത്തുണ്ട്. മുകളിൽ സീലിംഗ് ഫാൻ ഘടിപ്പിയ്ക്കാനുള്ള ഹുക്ക് സംവിധാനം പോലും ഇവിടെ ചെയ്തിട്ടില്ല.
റോഡിന് സമീപത്തുള്ള കെട്ടിടം ചുറ്റുമതിൽ ഇല്ലാത്തത് മൂലം അപകട സാധ്യതയുമുണ്ട്. അംഗൻവാടിയുടെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിനായി രക്ഷകർത്താക്കളും സ്ഥലത്തെ രാഷ്ട്രിയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം പഞ്ചായത്തിലെത്തി നിവേദനം കൊടുത്തിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം നിലനിൽക്കുന്നു.