കൊച്ചി: കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ നഗരസഭ കൗണ്‍സിലര്‍ ഗൂഢാലോചന സംശയിച്ച് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നു. കൗണ്‍സിലര്‍ ഡിപിന് ദിലീപ് പാലാരിവട്ടം പോലീസിലാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുള്ളത്.
ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികള്‍ കഴിച്ച ഉപ്പുമാവ് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം നാളെ ലഭിച്ചേക്കും. അങ്കണവാടിക്ക് സമീപത്തെ തോട്ടില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസമായി ഇവിടെ സമരം നടക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങളില്‍ സംശയമുന്നയിച്ചാണ് പരാതി. വെളളത്തിന്റെ സാമ്പിള്‍ ലഭിച്ച ശേഷമാകും പോലീസും കൂടുതല്‍ നടപടികളിലേക്ക് കടക്കുക.
കഴിഞ്ഞ വ്യാഴാഴ്ച്ച അങ്കണവാടിയില്‍ എത്തിയ കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടത്. 23 കുട്ടികള്‍ ആകെയുള്ളത്. 15 കുട്ടികളാണ് അന്ന് വന്നത്. ഇതില്‍ 12 പേര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ സുഖംപ്രാപിച്ചുവരുന്നു. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച മൂന്ന് രക്ഷിതാക്കള്‍ക്കും ആയയ്ക്കും ഭക്ഷ്യവിഷബാധ ഉണ്ടായി. ഉച്ചയ്ക്ക് കഴിക്കാനായി നല്കിയ ഗോതമ്പ് ഉപ്പുമാവില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.