രാജാക്കാട്: ശാന്തൻപാറ വാക്കോടൻസിറ്റിയിൽ അങ്കണവാടി വർക്കറുടെ അശ്രദ്ധമൂലം രണ്ടര വയസുള്ള പെണ്കുട്ടി അങ്കണവാടിയിൽനിന്നും ഇറങ്ങിപ്പോയതായി പരാതി. റോഡിലൂടെ നടന്നു വാഹനങ്ങൾക്കു മുന്നിൽപ്പെട്ട കുട്ടിയെ സമീപത്തെ കടയുടമയുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് രക്ഷപ്പെടുത്താനായതെന്നും നിരുത്തരവാദപരമായി പെരുമാറിയ ജീവനക്കാരിക്കെതിരേ നടപടി വേണമെന്നും കുട്ടിയുടെ പിതാവ് സുധാഭവനിൽ നവീൻകുമാറും സമീപവാസികളും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാർച്ച് അഞ്ചിനാണ് പരാതിക്ക് ആസ്പദമായ സംഭവം.
ഉച്ചക്ക് 12 ഓടെ നവീനിന്റെ മകൾ അങ്കണവാടിയിൽനിന്നും വാഹനത്തിരക്കുള്ള റോഡിലൂടെ നടന്ന് 100 മീറ്റർ അകലെ കടകളുള്ള സ്ഥലം വരെ എത്തിയിരുന്നു. അതുവഴി റോഡ് നിർമാണ സാമഗ്രികളുമായി വന്ന ടോറസ് ലോറിയുടെയും എതിരെ വന്ന കാറിന്റെയും മുന്നിൽപ്പെട്ടപ്പോൾ തൊട്ടടുത്തുള്ള കടയുടമയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അങ്കണവാടി ജീവനക്കാരിയുടെ പ്രവർത്തനം മോശമാണെന്നുകാട്ടി കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും കുട്ടിയെ നടുറോഡിൽ കണ്ട കാറുടമയും സംസ്ഥാന ശിശുക്ഷേമ വകുപ്പിനും ജില്ലാ ചൈൽഡ് ലൈനിനും പരാതി നൽകിയതായി നവീൻകുമാർ, അഞ്ചുകണ്ടത്തിൽ അജി, കല്ലടയിൽ സജി എന്നിവർ അറിയിച്ചു.