തിരുവനന്തപുരം: അങ്കണവാടിയിൽ മൂന്നരവയസുകാരിക്ക് വീണ് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും സസ്പെൻഡ് ചെയ്തു. മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി.
മാറനല്ലൂർ എട്ടാം വാർഡ് അങ്കണവാടി അധ്യാപിക ശുഭലക്ഷ്മിയേയും ഹെൽപ്പർ ലതയേയും ആണ് സസ്പെൻഡ് ചെയ്തത്. മാറനല്ലൂർ സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. വ്യാഴാഴ്ചയാണ് അങ്കണവാടിയിൽ വൈഗ വീണത്. എന്നാൽ അധ്യാപിക ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.
കുട്ടി വീട്ടിലെത്തിയശേഷം തുടർച്ചയായി ഛർദ്ദിച്ചു. വൈഗയുടെ ഇരട്ട സഹോദരനും ഇതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്.
കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോൾ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കണ്ടലയിലെ ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും കുട്ടിയെ എത്തിച്ചു.
കുഞ്ഞിന് സ്പൈനൽ കോഡിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തലയിൽ ആന്തരിക രക്തസ്രാവവുമുണ്ട്.
സംഭവത്തെക്കുറിച്ച് അധ്യാപികയോട് ചോദിച്ചപ്പോൾ, കസേരയിൽ നിന്ന് കുഞ്ഞ് വീണിരുന്നുവെന്നും രക്ഷിതാക്കളോട് പറയാൻ മറന്നു പോയിയെന്നുമായിരുന്നു മറുപടിയെന്ന് മാതാപിതാക്കൾ പറയുന്നു.