മുക്കം: നല്ല കെട്ടിടവും മറ്റ് സൗകര്യങ്ങളുമെല്ലാം തയാറാക്കി നാലുവർഷമായിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ കനത്ത വേനൽ ചൂടിൽ വെന്തുരുകുകയാണ് മുക്കം നഗരസഭയിലെ തടപ്പറമ്പ് അംഗൻവാടിയിലെ 15 ഓളം കുരുന്നുകളും ജീവനക്കാരും. വയറിംഗ് പ്രവൃത്തി പൂർത്തിയാക്കി ഫാനും ലൈറ്റുമെല്ലാം സ്ഥാപിച്ചിട്ടും അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് വൈദ്യുതി ലഭിക്കാത്തത്.
വേനൽ കനത്തതോടെ വിയർത്തൊലിക്കുന്ന ഈ കുരുന്നുകളെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ അധ്യാപികയും കുഴങ്ങുന്നു. നട്ടുച്ച നേരമെത്തുമ്പോൾ ‘നമ്മുടെ ഫാനെന്താ ടീച്ചറേ കറങ്ങാത്തതെ’ന്ന പിഞ്ചു ബാല്യങ്ങളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടുകയാണ് അധ്യാപിക.
മാതാപിതാക്കൾ രാവിലെ കൂലിപ്പണിക്ക് പോവുന്ന കുട്ടികളാണ് കൂടുതലും. അവർ തിരിച്ചെത്തുന്നതുവരെ ഈ അധ്യാപിക ഇവരെ പേപ്പർ വീശിയും മറ്റും പരിപാലിക്കുകയാണ്. വൈദ്യുതി കണക്ഷൻ കിട്ടാനായി ഒട്ടനവധി തവണ നഗരസഭയ്ക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയെങ്കിലും പക്ഷെ, നഗരസഭാധികൃതർ കണ്ട ഭാവം നടിച്ചിട്ടില്ല.
ഇതിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധമാണുളളത്. വേനൽ ചൂട് കൂടിവരുന്ന സമയത്ത് വരുംദിവസങ്ങളിൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജീവനക്കാരും.