തളിപ്പറമ്പ്: ബത്തേരി സർവജന സ്കൂളിലെ ക്ലാസ് മുറികളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള അങ്കണവാടി കെട്ടിടത്തിന്റെ മുറ്റത്തെ പൊത്തിൽനിന്ന് വിഷപ്പാന്പിനെ നാട്ടുകാർ അടിച്ചുകൊന്നു. അങ്കണവാടി പരിസരം ശുചീകരിക്കുന്നതിനിടെയാണ് പൊത്തിൽ വിഷപ്പാന്പിനെ കണ്ടത്.
ഉടൻതന്നെ ശുചീകരണത്തിൽ ഏർപ്പെട്ട നാട്ടുകാർ ഇതിനെ തല്ലിക്കൊന്നതിനാലാണ് കുട്ടികൾ രക്ഷപ്പെട്ടത്. 2007- ൽ തളിപ്പറമ്പ് ഐസിഡിഎസ് ഓഫീസിന് കീഴിൽ കുറുമാത്തൂർ പഞ്ചായത്തിലെ പന്നിയൂർ പള്ളിവയലിൽ ആരംഭിച്ച അങ്കണവാടിയുടെ മുറ്റത്തുനിന്നാണ് വിഷപ്പാന്പിനെ അടിച്ചുകൊന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
24 കുട്ടികൾ പഠിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ സ്ഥിതി അതിദയനീയമാണ്. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ക്ലാസ് മുറികളിലും നിരവധി പൊത്തുകളാണുള്ളത്. ചുമരിനോടു ചേർന്ന് നിലത്തായി ഏറെനീളത്തിൽ പൊത്തുകളുണ്ട്. പൊത്തുകൾ നിറഞ്ഞ ക്ലാസിൽ തുണി വിരിച്ചാണ് ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളെ ഉറക്കിക്കിടത്തുന്നത്.
നിരവധിതവണ നാട്ടുകാർ അങ്കണവാടിയുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പഞ്ചായത്തിനോടും ഐസിഡിഎസിനോടും ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകാത്തതാണ് കുട്ടികളുടെ സുരക്ഷയ്ക്കുപോലും ഭീഷണിയായി മാറിയിരിക്കുന്നത്. ഒരു അടച്ചുറപ്പുമില്ലാത്തനിലയിലാണ് കെട്ടിടം. വാതിലുകൾ തകർന്നനിലയിലാണ്.
തറയിലെ ഒട്ടുമിക്ക കുഴികളും ഇതിനകം ജീവനക്കാർ സിമന്റ് ഉപയോഗിച്ച് അടച്ചെങ്കിലും ചുമരിനോടു ചേർന്നനിലയിൽ നീളത്തിൽ പൊത്തുകൾ ഇപ്പോഴുമുണ്ട്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ കുട്ടികളെ ഇവിടേക്ക് വിടേണ്ടതില്ലെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും തീരുമാനം. അങ്കണവാടിയുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ടതായും ഇതു പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും കുറുമാത്തൂർ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പഞ്ചായത്തിൽ ആകെയുള്ള 34 അങ്കണവാടികൾക്കുമായി സ്വന്തം കെട്ടിടവും വൈദ്യുതീകരണവും പൂർത്തിയായിട്ടുണ്ട്. പന്നിയൂർ പള്ളിവയൽ അങ്കണവാടിയുടെ അറ്റകുറ്റപ്പണികൾ മാർച്ച് 31നകം തീർക്കുമെന്നും ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.