മുക്കം: സിഡിപിഒ ഉദ്യോഗസ്ഥയ്ക്ക് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുവാൻ ചട്ടവിരുദ്ധമായി അംഗനവാടികൾക്ക് അവധി നൽകി. ഇന്ന് സർവിസിൽ നിന്ന് വിരമിക്കുന്ന ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫിസർ സുലജയ്ക്ക് യാത്രയയപ്പ് നൽകുവാനാണ് നിലവിലുള്ള ചട്ടങ്ങൾക്ക് വിപരീതമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം അവധി നൽകിയത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കണമെന്ന് കാണിച്ച് ബന്ധപ്പെട്ട സൂപ്രവൈസർ മുഖേനയാണ് നിർദേശം നൽകിയത്.
മുക്കം പ്രൊജക്ടിൽപെടുന്ന മുക്കം നഗരസഭ, കാരശേരി, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അങ്കണവാടികൾക്കാണ് ഇന്നലെ വൈകുന്നേരം രണ്ട് മണി മുതൽ അവധി നൽകിയത്. അങ്കണവാടിയുടെ പ്രവർത്തന സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയാണ്. അങ്കണവാടികൾ ഒരു വർഷത്തിൽ 300 ദിവസം പ്രവർത്തിക്കണമെന്നാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ നിർദേശം.
ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രദേശിക അവധികൾ അങ്കണവാടികൾക്ക് ബാധകമാക്കിയാൽ അങ്കണവാടികളിലൂടെ ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ അവധി അനുവദിക്കരുതെന്നുമാണ് സാമൂഹികക്ഷേമ വകുപ്പ് നിർദേശം നൽകിയിട്ടുള്ളത്.
ജില്ലാ കളക്ടർ പ്രഖ്യാപിക്കുന്ന പ്രാദേശിക അവധികൾ, സർക്കാർ പ്രഖ്യാപിക്കുന്ന വിശേഷ അവധികൾ എന്നിവ അംഗനവാടികൾക്ക് ബാധകമല്ലെന്ന വ്യവസ്ഥയും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം കാറ്റിൽപറത്തിയാണ് ഇന്നലെ അവധി നൽകിയതെന്നാണ് ആക്ഷേപം.