വൈക്കം: ശാരീരിക പരിമിതികളെ മറികടന്ന് ബൈക്കിൽ സഞ്ചരിച്ച് രാജ്യങ്ങൾ ചുറ്റിക്കാണാൻ പാലക്കാട് ഒലവക്കോട് ബിന്ദു നിവാസിൽ ഗിരീഷ് കുമാർ തയാറായപ്പോൾ ആരും തടഞ്ഞില്ല. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് വലതുകാൽ തളർന്നിട്ടും മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ അവഗണിച്ചാണ് വാഹനങ്ങളെ ഗിരീഷ് വരുതിയിലാക്കിയത്.
മനക്കരുത്തുകൊണ്ട് ലോറിയും കാറും ജെസിബിയും ബൈക്കും ബുള്ളറ്റും കൊയ്ത്തുമെഷീനുമൊക്കെ ഗിരീഷ് പുഷ്പം പോലെ ഓടിക്കുന്നത് വീട്ടുകാർക്കും നാട്ടുകാർക്കും അറിയാവുന്നതിനാൽ യാത്രയെക്കുറിച്ചു പറഞ്ഞപ്പോൾ എല്ലാവരും ഗിരീഷിനു ധൈര്യം പകർന്നു.
റെയിൽവേയിൽ സീനിയർ കൊമേഴ്സ്യൽ ക്ലർക്കായ ഗിരീഷ് 30 വർഷമായി വാഹനങ്ങളുമായി ചങ്ങാത്തത്തിലാണ്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഗിരീഷ് ഇന്ത്യയുടെ പല ഭാഗത്തും പോയിട്ടുണ്ടെങ്കിലും രാജ്യം മുഴുവനും സഞ്ചരിക്കണമെന്ന ഏറെക്കാലത്തെ മോഹം സാക്ഷാത്കരിക്കുന്നതിനു തടസമായി നിന്നത് നീണ്ട അവധി ലഭിക്കാനുള്ള നടപടിക്രമങ്ങളായിരുന്നു.
ഗിരീഷിന്റെ യാത്രയോടുള്ള അഭിനിവേശം അറിയാവുന്ന മേലുദ്യോഗസ്ഥർ 90 ദിവസത്തെ ലീവനുവദിച്ച് പച്ചക്കൊടി കാട്ടിയതോടെ ഗിരീഷിനു സന്തോഷമായി. ഗിരീഷിനൊപ്പം പല യാത്രകളിലും ഒപ്പം നിന്നിട്ടുള്ള മാതൃസഹോദരീപുത്രനും യാത്രാപ്രേമിയും വ്യാപാരിയുമായ വൈക്കം നാവള്ളിൽ പുത്തൻപുരയിൽ വിഭാതാണ് ഗിരീഷിന്റെ ലോകസഞ്ചാരത്തിനു തുണപോകുന്നത്.
ഇന്നു രാവിലെ കന്യാകുമാരിയിൽ നിന്നു യാത്ര തുടങ്ങി രാജ്യത്തെ 29 സംസ്ഥാനങ്ങളും താണ്ടി നേപ്പാളും ഭൂട്ടാനും 90 നാൾ കൊണ്ട് ചുറ്റി തിരിച്ചെത്താനാണ് ഇവരുടെ പദ്ധതി. ലിംക ബുക്കിലും റെക്കാർഡ്സ് ഓഫ് ഇന്ത്യയിലും ഇടംപിടിക്കാനുള്ള യാത്രയുടെ ഓരോ നിമിഷവും അടയാളപ്പെടുത്താൻ ഗിരീഷിന്റെ പുത്രൻ പത്താം ക്ലാസുകാരൻ അജീഷ് മാധവൻ ഗിരീഷിന്റെ ആഡംബര ബൈക്കായ ബജാജ് അവഞ്ചറിൽ ജിപിഎസ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
പരിഹാസങ്ങളേയും അവഗണനകളെയും അതിജീവിച്ച് അംഗപരിമിതരും ഭയംകൂടാതെ തങ്ങളുടെ വലിയ ലക്ഷ്യങ്ങളെ എത്തിപ്പിടിക്കണമെന്ന സന്ദേശം പരത്തുകയെന്നതും തന്റെ നീണ്ട യാത്രയുടെ ഉദ്ദേശ്യമാണെന്ന് ഗിരീഷ് പറയുന്നു.