അഞ്ചല്‍ : അഞ്ചലില്‍ സഹപ്രവര്‍ത്തകനും അടുത്ത ബന്ധുകൂടിയായ യുവാവിനെ വെട്ടികൊലപ്പെടുത്തിയശേഷം ക്രൂരമായ വിനോദം നടത്തി പ്രതി അബ്ദുല്‍ അലി (20). ആസാം സ്വദേശിയായ ജലാലുദീ (19)നെ വെട്ടികൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ലൈക്കിയില്‍ വീഡിയോ ഷെയര്‍ ചെയ്ത് പ്രതി ആസ്വദിച്ചു.
വീഡിയോ പുറത്തായതോടെ ഇത്രയധികം ക്രൂരമായി കൊല നടത്താനുള്ള കാരണം തേടുകയാണ് അഞ്ചല്‍ പോലീസ്. കൊലക്കുശേഷം കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയായ അബ്ദുല്‍ അലിയെ അടിയന്തിര ശസ്ത്രക്രിയയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാടിനെ നടുക്കി ക്രൂരമായ കൊലപാതകം നടത്തിയത്. തന്റെ ബന്ധുവും സഹപ്രവര്‍ത്തകനുമായ ആസാം സ്വദേശി ജലാലുദീന്‍ എന്നയാളെ അബ്ദുല്‍ അലി കഴുത്ത് അറുത്തും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും മുഖത്തും അടക്കം നിരവധി മുറിവുകളാണ് ഉള്ളത്.
രാത്രിയില്‍ തന്നെ ഇവര്‍ ജോലി ചെയ്തുവന്ന ഇറച്ചി കോഴിക്കടയിലെ പിന്‍ഭാഗം പൊളിച്ച് അബ്ദുല്‍ അലി കത്തി എടുത്ത് സൂക്ഷിക്കുകയും പുലര്‍ച്ചെ നാലോടെ കൊലനടത്തുകയുമായിരുന്നു. കൊല്ലപ്പെട്ട ജലാലിന്റെ അലര്‍ച്ച കേട്ട് മറ്റ് രണ്ടുപേര്‍ ഓടിയെത്തി എങ്കിലും ഇവര്‍ക്ക് നേരെയും അബ്ദുല്‍ അലി കത്തി വീശിയതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു.
ഈ സമയം റൂമിലേക്ക് എത്താനുള്ള പ്രധാന വഴിയിലെ ഗ്രില്‍ അബ്ദുല്‍ അലി അകത്ത് നിന്നും പൂട്ടി. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് മരിച്ചുകിടക്കുന്ന ജലാലിന്റെ ദൃശ്യങ്ങളും പ്രതി പകര്‍ത്തി. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും എത്തിയതോടെ കഴുത്തറുത്തു ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു.
പിന്നീട് ഏറെ പണിപ്പെട്ടു ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം കൊലക്ക് പിന്നിലെ കാരണം തേടുകയാണ് പോലീസ്. പലകാരണങ്ങള്‍ പറയപ്പെടുന്നുവെങ്കിലും ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്‍ അലിയെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുവെന്നാണ് പോലീസ് പറയുന്നത്.
റൂറല്‍ പോലീസ് മേധാവി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസ്, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍ സുധീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.