പയ്യന്നൂര്‍: ബുള്ളറ്റില്‍ യജമാനനോടൊപ്പമുള്ള വളര്‍ത്തു നായയുടെ ഗോവ യാത്ര വൈറലായി. പയ്യന്നൂരില്‍നിന്നും 1200 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് തിരിച്ചെത്തിയതോടെയാണ് ഇവരുടെ യാത്ര സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്.
പയ്യന്നൂരിലെ ദന്തഡോക്ടറായ പ്രണവ് രാജഗോപാലിന്റെ ജര്‍മ്മന്‍ സ്പിറ്റ്സ് ഇനത്തില്‍പെട്ട മൂന്നര വയസുള്ള ഏയ്ഞ്ചല്‍ എന്ന വളര്‍ത്തുനായയാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.തന്റെ യജമാനനൊപ്പമുള്ള അഞ്ചുദിവസം നീണ്ട ബുള്ളറ്റ് യാത്രയാണ് എയ്ഞ്ചലിനെ താരമാക്കിയത്.
പയ്യന്നൂരില്‍ നിന്നും ഗോവയിലേക്കും തിരിച്ചും ബുള്ളറ്റിന്റെ മുമ്പിലിരുന്ന് പ്രകൃതി ഭംഗികളും നഗര വിസ്മയങ്ങളും ആസ്വദിച്ചായിരുന്നു എയ്ഞ്ചലിന്റെ സവാരി. ഗോവയില്‍ നടന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ കൂട്ടായ്മയില്‍ പങ്കെടുക്കാനാണ് പയ്യന്നൂരിൽ നിന്നുള്ള സുഹൃത്തുക്കളോപ്പം പ്രണവും യാത്രയാരംഭിച്ചത്.ബുള്ളറ്റിന്റെ മുന്നില്‍ എയ്ഞ്ചലിനായി പ്രത്യേക ഇരിപ്പിടവും സജ്ജീകരിച്ചിരുന്നു.ബുള്ളറ്റിന്റെ മുന്നിലിരുന്നുള്ള എയ്ഞ്ചലിന്റെ ഈ രാജകീയ സവാരി കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി.
പലരും ഈ സവാരിയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെ റോയല്‍ എന്‍ഫീല്‍ഡ് കമ്പനിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ പബ്ലിസിറ്റിയുമായി.ഇതോടെ അവരുടെ ഔദ്യോഗിക പേജില്‍ എയ്ഞ്ചല്‍ ഇടംപിടിക്കുകയും ചെയ്തു. പ്രണവ് ചെറുപ്പം മുതല്‍ നായക്കുട്ടിയെ ബുള്ളറ്റില്‍ കയറ്റി യാത്ര ചെയ്യാറുണ്ടെങ്കിലും ആദ്യമായാണ് ഈ ദീര്‍ഘദൂര യാത്ര.
തിരിച്ചെത്തുംവരെ എയ്ഞ്ചല്‍ ശാന്തനുമായിരുന്നു.എയഞ്ചല്‍ താരമായതോടെ എയ്ഞ്ചല്‍ ദി റൈഡര്‍ ഡോഗ് എന്ന പേരില്‍ പ്രണവ് ആരാധകര്‍ക്കായി ഒരു പേജും ആരംഭിച്ചിരിക്കുകയാണ്.