ലോക ശ്രദ്ധയാകർഷിച്ച മാതൃകാ താരദന്പതികളായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. ഇവരുടെ വിവാഹമോചന വാർത്ത ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ഏഴു മാസം മുന്പാണ് ഇരുവരും വിവാഹ മോചിതരായത്. വിവാഹ മോചനത്തിന് ശേഷം തന്റെ സ്വകാര്യ എസ്റ്റേറ്റിലാണ് ആഞ്ജലീന ജോളി കൂടുതൽ സമയവും ചെലവഴിക്കാറുള്ളതെന്ന് ഹോളിവുഡ് ഓണ്ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രാഡ് പിറ്റുമായി വേർപിരിഞ്ഞ ആഞ്ജലീന ജോളി ഇംഗ്ലണ്ടുകാരനായ മറ്റൊരു വ്യക്തിയുമായി പ്രണയത്തിലാണെന്ന് ഇംഗ്ലീഷ് വെബ്സൈറ്റായ ഹോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.
ആഞ്ജലീനയുടെ സ്വകാര്യ എസ്റ്റേറ്റായ മാലിബുവിൽ വച്ച് ഇരുവരും കൂടിക്കാണാറുണ്ട്. ആഞ്ജലീനയുടെ പുതിയ കാമുകന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ലഭ്യമല്ലെങ്കിലും ഇംഗ്ലണ്ടുകാരനായ അയാൾ ബിസിനസുകാരനാണെന്നും രാഷ്്ട്രീയമായി ബന്ധമുള്ള ആളാണെന്നുമാണ് ഹോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തയറിഞ്ഞ ബ്രാഡ് പിറ്റ് ഹൃദയം തകർന്നിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പുതിയ കാമുകനെ ബ്രാഡ് പിറ്റ് കണ്ടിട്ടില്ല. അയാളെ കാണേണ്ടെന്ന നിലപാടിലാണ് ബ്രാഡ്പിറ്റിനുള്ളതെന്നും തങ്ങളുടെ മക്കളുടെ ജീവിതത്തിലേക്ക് വരുന്ന നുഴഞ്ഞുകയറ്റക്കാരനായാണ് അയാളെ കാണുന്നതെന്നും ബ്രാഡ് പിറ്റ് പറഞ്ഞതായാണ് ഹോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നത്.
മക്കളോ മുൻ ഭർത്താവോ കണ്ടിട്ടില്ലാത്ത തന്റെ പുതിയ കാമുകനെ അടുത്ത ആഴ്ച ലോസ് ആഞ്ചലസിൽ വച്ച് ആഞ്ജലീന മക്കൾക്ക് പരിചയപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഒരിക്കൽ വിവാഹ മോചനത്തിന്റെ വക്കോളമെത്തിയ ആഞ്ജലീനയും ബ്രാഡ്പിറ്റും പക്ഷെ കോടതിക്ക് പുറത്തു വച്ച് ധാരണയിലെത്തി വിവാഹ മോചന അപേക്ഷ പിൻവലിക്കുകയായിരുന്നു.
മക്കൾക്ക് വേണ്ടിയായിരുന്നു ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ആഞ്ജലീന ജോളിക്കും ഭർത്താവ് ബ്രാഡ് പിറ്റിനും ആറ് കുട്ടികളാണുള്ളത്. അതിൽ രണ്ടുപേരെ ആഞ്ജലീന ദത്തെടുത്തതാണ്. വിവാഹ മോചനത്തിന് ശേഷം കുട്ടികൾ ബ്രാഡ് പിറ്റിനൊപ്പമാണ്. കുട്ടികൾ ഒപ്പമില്ലാത്തതിനാൽ രഹസ്യ ബന്ധം തുടരാൻ ആഞ്ജലീനയ്ക്ക് സൗകര്യമായെന്നും ഈ സാഹചര്യത്തിലാണ് പുതിയ കാമുകനൊപ്പമുള്ള സമാഗമങ്ങളെന്നും ഹോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.