ന്യൂഡല്ഹി: ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ തന്നെ ടൈംഡ് ഔട്ട് ആക്കിയപ്പോള് ശരിക്കും ഞെട്ടിപ്പോയെന്ന് ശ്രീലങ്കന് താരം എയ്ഞ്ചലോ മാത്യൂസ്. ‘ഞാന് തെറ്റായി ഒന്നും ചെയ്തിട്ടില്ല.
എനിക്ക് തയാറാകാന് രണ്ടു മിനിറ്റ് സമയമുണ്ടായിരുന്നു. എന്നാല്, യാന്ത്രികമായ ഒരു തകരാറാണ് അവിടെ സംഭവിച്ചത്. സാമാന്യബോധം എന്നത് അപ്പോള് എവിടെപ്പോയി’– മാത്യൂസ് ചോദിച്ചു.
എല്ലാവരും ജയിക്കാന് വേണ്ടി കളിക്കുന്നു, പക്ഷേ ഒരു ടീമോ കളിക്കാരനോ വിക്കറ്റ് നേടുന്നതിന് ഇത്രയും തരംതാഴ്ന്ന തലത്തിൽ പ്രവര്ത്തിക്കുമെന്നു ഞാന് ഒരിക്കലും കരുതിയിരുന്നില്ലെന്നും മാത്യൂസ് കൂട്ടിച്ചേർത്തു.
‘ഞാന് ഷക്കിബ് അല് ഹസനെയും ബംഗ്ലദേശ് ടീമിനെയും ഇതുവരെ ബഹുമാനിച്ചിരുന്നു. തീര്ച്ചയായും നമ്മളെല്ലാം വിജയിക്കാനാണു കളിക്കുന്നത്. നിയമത്തില് ഉള്ള കാര്യമാണെങ്കില് അതു ശരിയെന്നു പറയാം.
രണ്ടു മിനിറ്റിനുള്ളില് തന്നെ ഞാന് അവിടെയുണ്ടായിരുന്നു. അതിനുള്ള വീഡിയോ തെളിവുകളുമുണ്ട്. തെളിവുകളോടെയാണു ഞാന് സംസാരിക്കുന്നത്. ക്യാച്ച് എടുത്തതു മുതല് ഞാന് ക്രീസിലെത്തുന്നതു വരെയുള്ള സമയത്തിന് തെളിവുകളുണ്ട്’– മാത്യൂസ് വ്യക്തമാക്കി.
മത്സരശേഷം ശ്രീലങ്ക, ബംഗ്ലാദേശ് കളിക്കാര് ഹസ്തദാനം നടത്താതെയാണ് ഡ്രസിംഗ് റൂമിലേക്കു പോയത്.