കൊല്ലം: മരണത്തെ മുഖാമുഖം കണ്ട ജലാധരന് (60) ജീവിതത്തിലേക്ക് നടന്നു കയറി. ജില്ലാ ആശുപത്രിയില്‍ കടുത്ത നെഞ്ചുവേദനയുമായി എത്തിയ തെക്കേവിള സ്വദേശി ജലാധരനാണ് ആന്‍ജിയോപ്ലാസ്റ്റിയിലൂടെ പുതുജീവന്‍ കിട്ടിയത്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഹൃദ്രോഗികള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി സൗകര്യം ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി 11 ന് ആയിരുന്നു ഇദ്ദേഹം അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കുന്നത്. കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള ഹൃദയാഘാതമാണെന്ന് കണ്ടതോടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയായിരുന്നു.
ഹൃദയത്തിലെ ഇടത് ധമനി 100 ശതമാനവും അടഞ്ഞ് ഹൃദയത്തിന്റെ പമ്പിംഗ് നിലച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു ഇയാള്‍. ഹൃദയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടത്തെ രക്തധമനിയുടെ തുടക്കം മുതല്‍ രക്തം കട്ടപിടിച്ച് അടഞ്ഞ് കിടക്കുകയായിരുന്നു.
ഇന്ട്രാകൊറോണറി മൈക്രോ കത്തീറ്റര്‍ ആസ്പിറേഷന്‍ വഴി കട്ടപിടിച്ച രക്തം നീക്കംചെയ്തു. തുടര്‍ന്ന് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ ഹൃദയധമനികളിലേക്ക് നേരിട്ട് നല്‍കുകയും ചെയ്തു. കൂടാതെ ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി ബ്ലോക്കുള്ള ഭാഗം വികസിപ്പിച്ച് രക്തയോട്ടം പുനസ്ഥാപിച്ചു. രോഗി ഐസി യുവില്‍ സുഖം പ്രാപിച്ച് വരുന്നു.
ഡോ.ശ്യാം , ഡോ ബിജേഷ്, ഹെഡ് നഴ്സ് ഷൈനി, സ്റ്റാഫ് നഴ്സുമാരായ പി എ അഞ്ജു, ഷഹുബാനത്ത്, വനജ, ജെസ്സി, ആര്യ, വി എസ് അഞ്ജു, കാത്ത്ലാബ് ടെക്നീഷ്യന്മാരായ മനോജ് എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.
ഇവരെ മന്ത്രി കെ. കെ. ശൈലജ, സൂപ്രണ്ട് ഡോ വസന്തദാസ് എന്നിവര്‍ അനുമോദിച്ചു. കാത്ത്ലാബ് ആരംഭിച്ചതു മുതല്‍ ഇതുവരെ 25 ല്‍ പരം രോഗികള്‍ക്ക് ചികിത്സ നല്കാന് സാധിച്ചു.