അങ്കമാലി: സ്കൂട്ടറുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവതിയെ മധ്യവയസ്ക ക്രൂരമായി മർദിച്ചു. മാമ്പ്ര സ്വദേശിനി അഞ്ജലിക്കാണ് മർദനമേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് കോടുശ്ശേരി പൊന്നാടത്ത് വീട്ടിൽ സിപ്സി(കൊച്ചുത്രേസ്യ-48)യെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ അങ്കമാലി ടി.ബി. ജംഗ്ഷനിലായിരുന്നു സംഭവം.
അഞ്ജലിയുടെയും സിപ്സിയുടെയും സ്കൂട്ടറുകൾ ഒരേ ദിശയിൽ പോകുകയായിരുന്നു. സിപ്സിയുടെ സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ അഞ്ജലിയുടെ സ്കൂട്ടറിൽ ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ അഞ്ജലി റോഡിൽ വീണു. സൈഡ് തന്നില്ലെന്ന് പറഞ്ഞ് ആക്രോശിച്ച് അഞ്ജലിയെ സിപ്സി മർദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അഞ്ജലിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും അടിക്കുകയും ചവിട്ടുകയും ചെയ്തു. കഴുത്തിന് കുത്തിപിടിച്ചതിനാൽ അഞ്ജലിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു.
തുടർന്ന് നാട്ടുകാർ ഇടപെടുകയും സിപ്സിയെ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു. പോലീസ് അഞ്ജലിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
സിപ്സി മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.