കോട്ടയം: കാരൾസംഘത്തിനും പള്ളിക്കുനേരെയുള്ള അക്രമണത്തിലെ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആംഗ്ലിക്കൻ സഭാവിശ്വാസികൾ ആരോപിച്ചു. 23ന് രാത്രിയിൽ തുടർച്ചയായ മൂന്നുതവണ നടത്തിയ അക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജില്ല പോലീസ് മേധാവി ഹരിശങ്കറിനു പരാതി നൽകി. 23ന് രാത്രി 8.30നാണ് സംഭവങ്ങൾക്കു തുടക്കം. പാത്താമൂട്ടം കൂന്പാടി സെന്റ്പോൾസ് പള്ളിയിലെ സണ്ഡേസ്കൂൾ യുവജനസംഘം, സ്ത്രീജനസംഖ്യം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് കാരൾസംഘത്തിനുനേരെ 20ലധികം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമം അഴിച്ചുവിട്ടു. കാരൾസംഘം മുട്ടുചിറ കോളനിയിലെത്തിയപ്പോൾ ഇവർക്കൊപ്പം ചേർന്നു മറ്റുപാട്ടുകൾ പാടുകയും അസഭ്യംപറയുകയും പെണ്കുട്ടികളെ അധിക്ഷേപിക്കുയും ചെയ്തു.
കരാൾ അവസാനിപ്പിക്കണമെന്ന ആവശ്യത്തെ എതിർത്തപ്പോൾ സംഘാംഗങ്ങളെ മർദിക്കുകയും വാദ്യോപകരണങ്ങൾ നശിപ്പിച്ചു. ഭീഷണിയെത്തുടർന്ന് രക്ഷപ്പെട്ട് പള്ളിയിൽ ഓടിക്കറിയവരുടെ വീടുകൾക്കുനേരെയായിരുന്നു രണ്ടാമത്തെ ആക്രമം. വീടുകൾക്കുനേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്രിച്ചു. ഒപ്പം ബൈക്കും ഓട്ടോയും തല്ലിതകർത്തു. സ്ത്രീകളടക്കമുള്ളവർ പള്ളിയിലെ അൽത്താരയിൽ അഭയംതേടിയതോടെ മാരകായുധങ്ങളുമായാണു മൂന്നാമത്തെ അക്രമം നടന്നത്.
പള്ളിയിൽകയറി ഭക്ഷണസാധനങ്ങൾ എടുത്തെറിയുകയും കസേരകൾ തല്ലിതകർക്കുകയും ചെയ്തു. കൂട്ടമണിയടിച്ചപ്പോൾ പിൻവാങ്ങിയ ആക്രമിസംഘം സമീപത്തെ വാഴകൃഷി നശിപ്പിച്ചു. പോലീസ് വാഹനത്തിലാണു പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പ്രദേശവാസികളിൽനിന്നു മൊഴിയെടുത്ത പോലീസ് ഏഴുപേർക്കെതിരെയാണു കേസെടുത്തത്. ഇവരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
സംഭവദിവസം രാത്രിയിൽ കോട്ടയം ജനറൽആശുപത്രിയിൽ ഒപി ടിക്കറ്റ് എടുത്തശേഷം ആസൂത്രിതഅക്രമമാണ് നടത്തിയത്. നേരത്തെയുണ്ടായ ആക്രമണത്തിനുശേഷം ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിൽകയറി ഭീഷണിപെടുത്തുയാണ്. പത്രസമ്മേളനത്തിൽ പള്ളി കമ്മിറ്റി സെക്രട്ടറി പി.സി. ജോണ്സണ്, ലിൻസി, യമിയ സി. തങ്കച്ചൻ എന്നിവരും പങ്കെടുത്തു.