പാറശാല: ഒന്നര വര്‍ഷം മുമ്പ് വിദേശത്ത് വച്ച് കാണാതായ പരശുവയ്ക്കല്‍ സ്വദേശിയെ കണ്ടെത്തി നാട്ടിലെത്തിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലുകളാണ് തനിക്ക് നാട്ടിലെത്തുവാന് സഹായമായത് എന്ന് പരശുവയ്ക്കല്‍ സ്വദേശി അനി സത്യന് പറഞ്ഞു.
പരശുവയ്ക്കല്‍ തുത്തിവിളവീട്ടില് സുശീല സത്യനേശന് ദമ്പതികളുടെ മകനായ അനി സത്യന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡ്രൈവര്‍ ജോലിക്കായി കുവൈറ്റിലേക്ക് പോയത്. കുവൈറ്റില്‍ നിന്ന് ഒരിക്കല്‍ നാട്ടിലെത്തി മടങ്ങി പോവുകയും ചെയ്തിരുന്നു. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീസാ കാലാവധി അവസാനിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങുവാന്‍ തൊഴിലുടമ അനുവദിച്ചില്ല. തൊഴില്‍ രേഖകൾ പുതുക്കാതെ ജോലിയില്‍ തുടരുവാന്‍ തൊഴിലുടമ ആവശ്യപ്പെടുകയായിരുന്നു .
എന്നാല്‍ രേഖകള്‍ പുതുക്കാതെ തുടരുവാന്‍ സാധ്യമല്ലായെന്ന് അറിയച്ചതിനെ തുടര്‍ന്ന് തൊഴിലുടമ അനി സത്യനെ മര്‍ദിക്കുകയും യാത്രാ രേഖകള്‍ പിടിച്ച് വയ്ക്കുകയും ചെയ്തു. ഒന്നര വര്‍ഷമായി മകന്റെ വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ മാതാപിതാക്കള്‍ മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്ത് വരുകയായിരുന്നു . വിദേശത്ത് ജോലിക്ക് പോയ മകനെ കണ്ടെത്തി തിരികെ എത്തിക്കുവാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അനി സത്യന്റെ മാതാപിതാക്കള്‍ ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം കരമന ജയനെ കണ്ട് നിവേദനം നല്‍കിയിരുന്നു.
ഇവരുടെ നിവേദനം കരമന ജയന് ബി ജെ പി യുടെ രാജ്യ സഭാ അംഗമായ രാജീവ് ചന്ദ്രശേഖര്‍ മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിദേശ കാര്യ സഹമന്ത്രി എം. ജെ. അക്ബര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും അനി സത്യനെ കണ്ടെത്തുന്നതിനും നാട്ടില്‍ എത്തിക്കുന്നതിനുമായി പ്രത്യേക ദൗത്യസംഘത്തെ രൂപീകരിക്കുവന് കുവൈറ്റ് എംബസിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ഈ പ്രത്യേക ദൗത്യ സംഘം മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം അനി സത്യനെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു . തുടര്‍്ന്ന് കുവൈറ്റ് എംബസിയുടെ കീഴിലെ പ്രത്യേക ഷെല്റ്ററില് താമസിപ്പിച്ച് വരികയായിരുന്നു.
എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ച് അനി സത്യനെ ഇന്നലെ പരശുവയ്ക്കലില്‍ എത്തിക്കുകയായിരുന്നു . അനി സത്യനെ നാട്ടിലെത്തിക്കുവാനുളള വിമാന ചാര്ജ്ജടക്കമുളള ചിലവുകള്‍ വിദേശകാര്യ മന്ത്രാലയമാണ് പൂര്‍ണമായും വഹിച്ചത്.