കെ.ജെ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ് ദ ഗ്രേറ്റ് ഫാദർ. എക്കാലവും സമകാലികമായിരിക്കുന്ന വിഷയത്തെ ഒരു മൈൻഡ് ഗെയിം ആയി അവതരിപ്പിച്ചിരിക്കുകയാണ് ഹനീഫ് അദേനി ദ് ഗ്രേറ്റ് ഫാദറിലൂടെ. ഡാഡ്, സണ്‍സ് ഫസ്റ്റ് ഹീറോ, ഡോട്ടേഴ്സ് ഫസ്റ്റ് ലൗ എന്നൊരു ചൊല്ലുണ്ട് ഇംഗ്ലീഷിൽ. ഇത്തരത്തിൽ ഒര്ചഛനും മകളും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തെ അതിൻറെ എല്ലാ പൂർണ്ണതകളോടും കൂടെ പകർത്തിയിരിക്കുകയാണ് ഓഗസ്റ്റ് സിനിമാസ് നിർമ്മിച്ച ദ ഗ്രേറ്റ്ഫാദറിൽ.
ചിത്രത്തിൽ സ്റ്റൈലും ഗാംഭീര്യവും സമന്വയിച്ചിരിക്കുന്ന ഡേവിഡ് നൈനാൻ എന്ന നായക കഥാപാത്രമായി പ്രേക്ഷക മനസ്സുകളിലൂടെ സഞ്ചരിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ മകളായ സാറ ഡേവിഡ് എന്ന കഥാപാത്രമായി എത്തിയതാകട്ടെ സംസ്ഥാന അവാർഡ് ജേതാവുകൂടിയായ ബേബി അനിഘയും. ഡേവിഡിൻറെ മകൾ സാറയായി കൈയടി നേടുന്ന ബാലതാരം അനിഘയുടെ വിശേഷങ്ങളിലേയ്ക്ക്…
വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം
ഒരു വയസുപോലും തികയുന്നതിനുമുന്പ് പങ്കെടുത്ത പരസ്യചിത്രങ്ങളിലൂടെയാണ് ബേബി അനിഘ ശ്രദ്ധിക്കപ്പെട്ടത്. ഒന്നരവയസിൽ ചെയ്ത ഛോട്ടാ മുംബൈയായിരുന്നു ആദ്യ ചിത്രം. പിന്നീട് കഥ തുടരുന്നു, ഫോർ ഫ്രണ്ട്സ്, റേസ്, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, ഒന്നും മിണ്ടാതെ, തുടങ്ങി ഇപ്പോൾ ദ ഗ്രേറ്റ്ഫാദർ വരെ 13 ചിത്രങ്ങളിൽ അനിഘ തൻറെ അഭിനയ മികവ് തെളിയിച്ചുകഴിഞ്ഞു.
2013ലെ സംസ്ഥാന അവാർഡ് ജേതാവ്
ഇന്ത്യൻ സിനിമയുടെ ശതാബ്ദി വർഷമായിരുന്ന 2013ൽ ഒന്നിലധികം സംവിധായകരുടെ കൂട്ടായ്മയിൽ ഇറങ്ങിയ ചിത്രമായിരുന്നു അഞ്ച് സുന്ദരികൾ. വ്യത്യസ്തമായ അഞ്ച് സുന്ദര പ്രണയകഥകൾ ഇഴ ചേർത്തൊരുക്കിയ ചിത്രത്തിലൊന്നായിരുന്നു ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി. 2016ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ജോതാവായ മാസ്റ്റർ ചേതനും അനിഘയുമായിരുന്നു സേതുലക്ഷ്മിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സേതുലക്ഷ്മി എന്ന ടൈറ്റിൽ കഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് അനിഘയെ തേടിയെത്തിയത്. അവാർഡ് നേട്ടത്തെക്കുറിച്ച് അനിഘ പറയുന്നതിങ്ങനെ. അഞ്ച് സുന്ദരികൾ കണ്ടിട്ട് ധാരാളം ആളുകൾ വിളിച്ചിരുന്നു. മോള് നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഒത്തിരി സന്തോഷം തോന്നി. അവാർഡിനെക്കാൾ വലിയ സന്തോഷമായിരുന്നു അതൊക്കെ. ആ സിനിമയുടെ ലൊക്കേഷനിലൊക്കെ നല്ല രസമായിരുന്നു. വയനാട്ടിലായിരുന്നതുകൊണ്ട് കാടും മഴയും തണുപ്പുമൊക്കെയായി ആകെമൊത്തം എൻജോയ് ചെയ്താണ് ആ സിനിമ ചെയ്തതും.
ദ ഗ്രേറ്റ് ഫാദറിലെ ഗ്രേറ്റ് എക്സ്പീരിയൻസസ്
കാമറ, അഭിനയം ഇതൊന്നും അനിഘയ്ക്ക് പുത്തരിയായിരുന്നില്ല. കാരണം മുന്പ് സൂചിപ്പിച്ചതുപോലെ, എട്ടുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരിക്കെ മുതൽ ഇതൊക്കെ കണ്ടുവരുന്നയാളാണ് അനിഘ. എങ്കിലും ദ ഗ്രേറ്റ് ഫാദർ എന്ന ചിത്രം തനിക്ക് സമ്മാനിച്ചത് പുത്തനനുഭവങ്ങൾ തന്നെയാണെന്ന് അനിഘ സമ്മതിക്കുന്നു. ഗ്രേറ്റ് ഫാദറിൻറെ ഷൂട്ടിംഗൊക്കെ നല്ല രസമായിരുന്നു. പാട്ട് സീൻസായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട് ചെയ്തത്. കുറെ കുട്ടികളൊക്കെയുണ്ടായിരുന്നു സെറ്റിൽ. അവരൊക്കെയായി നല്ല അടിച്ചുപൊളി ഫീലായിരുന്നു. ഡയറക്ടർ ഹനീഫ് അങ്കിളൊക്കെ ഒത്തിരി ഹെൽപ് ചെയ്തിരുന്നു. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമായിരുന്നതിനാൽ അഭിനയവുമായി ബന്ധപ്പെട്ട് കുറെ പുതിയ കാര്യങ്ങൾ പലരിൽ നിന്നും പഠിക്കാനും സാധിച്ചു. നന്നായി പെർഫോം ചെയ്തു എന്നറിയുന്നതിൽ സന്തോഷവുമുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം
ബാവൂട്ടിയുടെ നാമത്തിൽ, ഭാസ്ക്കർ ദ റാസ്ക്കൽ എന്നിവയ്ക്കുശേഷം മമ്മൂക്കയോടൊപ്പമുള്ള എൻറെ മൂന്നാമത്തെ ചിത്രമാണ് ഗ്രേറ്റ് ഫാദർ. അതുകൊണ്ടുതന്നെ ഞങ്ങൾ നല്ല ക്ലോസായിരുന്നു. മമ്മുക്ക നല്ല ഫ്രണ്ട്ലിയാണ്. അഭിനയത്തിലൊക്കെ സഹായിച്ചിരുന്നു. ഫ്രീ ടൈമുകളിൽ ഗെയിം കളിക്കാൻ കൂടുകയും തമാശകൾ പറയുകയുമൊക്കെ ചെയ്തിരുന്നു. അതുകൊണ്ട് കൂടെയഭിനയിക്കാൻ പേടിയുണ്ടായിരുന്നില്ലഅനിഘ പറയുന്നു.
ഭാസ്ക്കർ ദ റാസ്ക്കലിലെ ശിവാനി
ആകെത്തുകയുള്ള അപ്പിയറൻസ് വച്ചുനോക്കുന്പോൾ, പ്രത്യക്ഷത്തിൽ ദ ഗ്രേറ്റ് ഫാദറിലെ സാറയോട് സാമ്യമുള്ളതായിരുന്നു, ഭാസ്ക്കർ ദ റാസ്ക്കൽ എന്ന മമ്മൂട്ടി ചിത്രത്തിലെ ശിവാനി എന്ന കഥാപാത്രം. എന്നാൽ സാറയെയും ശിവാനിയെയും സ്ക്രീനിലവതരിപ്പിച്ച അനിഘ ഇരുകഥാപാത്രങ്ങളെയും താരതമ്യം ചെയ്യുന്നതിങ്ങനെയാണ്. രണ്ടുപേരും ബോൾഡാണെന്നുള്ള ഒരു സാമ്യം മാത്രമേയുള്ളു. സാറയും ശിവാനിയും തമ്മിൽ നല്ല ഡിഫറൻസുണ്ട്. രണ്ടുപേരുടെയും ശൈലികളും ജീവിതസാഹചര്യങ്ങളും അവരുടെ ആറ്റിറ്റ്യൂഡുകളുമെല്ലാം വ്യത്യസ്തമാണ്.
സാറാ ഡേവിഡ്
സാറ ഡേവിഡ് എന്ന കഥാപാത്രത്തിൻറെ സ്വഭാവസവിശേഷതകളുമായി അനിഘയ്ക്ക് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് കുട്ടി അഭിനേത്രിയുടെ ഉത്തരമിങ്ങനെ. സാറയെന്ന കഥാപാത്രവും ഞാനുമായി ഒട്ടും സാമ്യമില്ല. എക്സ്ട്രാ ബോൾഡാണ് സാറ. നന്നായി സംസാരിക്കുകയും ചെയ്യും. പക്ഷേ ഞാനധികം സംസാരിക്കാത്തയാളാണ്. എങ്കിലും ഡ്രീം കം ട്രൂ എന്നു പറയാവുന്ന കഥാപാത്രമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം സാറ ഡേവിഡ്. കാരണം ഇതുപോലൊരു വേഷം ചെയ്യണമെന്ന് നേരത്തെമുതൽ ആഗ്രഹമുണ്ടായിരുന്നു. സാറയെന്ന എൻറെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. ചിത്രത്തിൻറെ ടീസറുകളൊക്കെയിറങ്ങിയപ്പോൾ ധാരാളമാളുകൾ അഭിന്ദനമറിയിച്ച് വിളിച്ചിരുന്നു. വളരെ നന്നായി ചെയ്തു എന്ന് പറഞ്ഞു. സാറയെപ്പോലെയാണോ ഞാനെന്ന് പലരും ചോദിക്കുകയും ചെയ്തു. പക്ഷേ ഞാനങ്ങനെയേയല്ല.
തമിഴരുടെ തലപ്പൊണ്ണ്
തമിഴ് സിനിമാലോകത്തും താരമാണിപ്പോൾ അനിഘ. എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ സൂപ്പർതാരം അജിത്തിനൊപ്പമുള്ള അനുഭവങ്ങൾ മറക്കാൻ സാധിക്കാത്തതാണെന്ന് അനിഘയുടെ ആവേശം തുളുന്പുന്ന വാക്കുകളിൽ വ്യക്തം. ടോട്ടലി ഡിഫറൻറ് എക്സ്പീരിയൻസായിരുന്നു തമിഴിൽ. പ്രത്യേകിച്ച് അജിത്ത് സാറിൻറെയൊപ്പം. അവിടെ എല്ലാവരും അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് കാണുന്നത്. അജിത്ത് സാറിൻറെ കൂടെ അഭിനയിക്കാൻ പറ്റിയത് എൻറെ ഭാഗ്യമാണ്. വളരെ കെയറിങ് ആൻഡ് ഫ്രണ്ട്ലിയായിരുന്നു. എന്ത് മിസ്റ്റേക്ക് വന്നാലും നല്ല ക്ഷമയോടെ അതൊക്കെ പറഞ്ഞ് ക്ലിയർ ചെയ്തുതന്നിരുന്നു. എന്നൈ അറിന്താലിൽ അജിത്ത് സാറിൻറെ മകളായിട്ടാണ് ഞാൻ അഭിനയിച്ചത്.
അടുത്ത ചിത്രത്തിൻറെ ഷൂട്ടിംഗിനായി ചെന്നപ്പോൾ അജിത്ത് സാറിൻറെ ഫാൻസൊക്കെ അടുത്തുവന്ന് ഇത് നമ്മ തലപ്പൊണ്ണ് എന്നൊക്കെ പറയുമായിരുന്നു. അജിത്ത് സാറിനോടുള്ള അവരുടെ സ്നേഹം അവരെന്നോടും കാണിച്ചിരുന്നു. നാനും റൗഡി താൻ, മിരുതൻ എന്നിവയാണ് അനിഘ അഭിനയിച്ച മറ്റ് തമിഴ് ചിത്രങ്ങൾ.
അനിഘയുടെ സ്വപ്നങ്ങൾ
വെള്ളിത്തിരയിൽ താരമായി മാറിയ പതിമൂന്നുകാരി തൻറെ സ്വപ്നക്കൂടിനുള്ളിൽ കരുതിയിരിക്കുന്നതിതൊക്കെ: ടീച്ചറാവുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. കഴിയുന്നത്ര നാൾ അഭിനയിക്കണം. കാരണം അതെൻറെ പാഷനാണ്. ദുൽഖർ സൽമാനാണ് മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ. ഷാരൂഖ് ഖാൻ, ദീപിക പദുക്കോണ്‍ എന്നിവരുടെകൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. അഞ്ചാമത്തെ വയസുമുതൽ ഡാൻസ് പഠിക്കുന്നു. സ്റ്റേജ് ഷോസിലൊക്കെ പങ്കെടുക്കാറുണ്ട്. പാട്ട് പാടാനും കേൾക്കാനും ഇഷ്ടമാണ്.
പഠനവും പരീക്ഷയും അവധിക്കാലവും
അനിഘ എന്ന വിദ്യാർഥിനിയുടെ വിശേഷങ്ങൾ ഇവയൊക്കെയാണ് നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ മഞ്ചേരിയിലാണ് ഞാൻ പഠിക്കുന്നത്. ഇപ്പോൾ ഏഴാം ക്ലാസ് കഴിഞ്ഞു. സ്കൂളിലെ ടീച്ചേഴ്സൊക്കെ നല്ല സപ്പോർട്ടാണ്. കൂട്ടുകാരും നന്നായി ഹെൽപ് ചെയ്യും. പരീക്ഷയൊക്കെ ഈസിയായിരുന്നു. കണക്ക് മാത്രമാണ് ഇത്തിരി കുഴപ്പിച്ചത്. പരീക്ഷ കഴിഞ്ഞതോടെ ഫ്രീയായി. പുതിയ സിനിമയൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഡാൻസും പാട്ടും തുടരും. ഒപ്പം അഭിനയവും.
കുടുംബവിശേഷങ്ങൾ
അച്ഛൻ സുരേന്ദ്രൻ എറണാകുളത്ത് മോഡൽ കോർഡിനേറ്ററായി ജോലി ചെയ്യുന്നു. അമ്മ രജിത സുരേന്ദ്രൻ. കഥ കേട്ട് ഓക്കെ പറയുന്നതും അഭിനയത്തിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നതുമൊക്കെ അമ്മയാണ്. മികച്ച അഭിനയം കാഴ്ചവയ്ക്കുന്പോൾ അഭിനന്ദിക്കാനും അമ്മ മറക്കാറില്ലെന്ന് അനിഘ പറയുന്നു. ചേട്ടൻ അങ്കിതിനോട് ഇടികൂടുന്നതായിരുന്നു തൻറെ പ്രധാന വിനോദമെന്ന് അനിഘ തുറന്നു സമ്മതിക്കുന്നു. പക്ഷെ ബിടെക് പഠനവുമായി ബന്ധപ്പെട്ട് ചേട്ടൻ തിരുവനന്തപുരത്തായതിനാൽ തൻറെ ഇഷ്ടവിനോദം നടക്കുന്നില്ലെന്ന ചെറിയ സങ്കടമുണ്ട് അനിഘയ്ക്ക്.