ബാലതാരമായി വെള്ളിത്തിരയിലെത്തിയ അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ. മോഹൻലാൽ, മമ്മൂട്ടി, ജയറാം, അജിത്ത്, അമിതാഭ് ബച്ചൻ, നയൻതാര തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം അനിഖ അഭിനയിച്ചുകഴിഞ്ഞു.
മൂന്നുചിത്രങ്ങളിലാണ് നയൻതാരയ്ക്കൊപ്പം അനിഖ അഭിനയിച്ചത്. മോഹൻലാൽ സിനിമ ഛോട്ടാ മുംബൈയായിരുന്നു അനിഖയുടെ ആദ്യ സിനിമ.
അനിഖയുടെ ആദ്യ തമിഴ് ചിത്രം അജിത്തിനൊപ്പമായിരുന്നു. എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അജിത്തിന്റെ മകളായി അഭിനയിച്ചു അനിഖ. ബിഗ് ബി അമിതാഭ് ബച്ചനൊപ്പം അനിഖ പരസ്യ ചിത്രത്തിലാണ് അഭിനയിച്ചത്.
സിനിമകൾക്ക് പുറമെ കുറച്ച് ഹ്രസ്വ ചിത്രങ്ങളിലും ക്വീൻ അടക്കമുള്ള വെബ് സീരിസുകളിലും അനിഖ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ വരുന്ന ഇടവേളകളിൽ മോഡലിംഗും അനിഖ ചെയ്യാറുണ്ട്.
കൂടാതെ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അതിവേഗത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്.സിനിമയിൽ സ്ത്രീ -പുരുഷ വേർതിരിവ് വലിയ രീതിയിൽ ഉണ്ടെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അനിഖ.
ഒരഭിമുഖത്തിലായിരുന്നു അനിഖ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. സിനിമാ മേഖല എടുത്തുനോക്കുകയാണെങ്കിൽ നമുക്ക് പ്രശ്നങ്ങൾ കാണാം. നടനും നടിക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്.
തുല്യപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്താൽ പോലും തുല്യ വേതനം എന്ന് ചിന്തിക്കാൻ ഫിലിം ഇൻഡസ്ട്രിപോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല.
നമ്മുടെ സമൂഹത്തിൽ സ്ത്രീക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്നുതന്നെയാണ് പ്രതീക്ഷ.ആണിനെയും പെണ്ണിനേയും വേർതിരിവുകളോടെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറണം.
അടുത്ത തലമുറയിലെങ്കിലും കാര്യങ്ങൾക്കുമാറ്റം വരും എന്ന് പ്രതീക്ഷയുണ്ട്. അതിനനുസരിച്ച് സമൂഹത്തിലും മാറ്റം ഉണ്ടാവും. ഇരവും പകലും എന്ന പാട്ടിൽ ചെയ്തപോലെതന്നെ യാത്ര ചെയ്യാൻ ഇഷ്ടമുള്ള ആളാണ് ഞാൻ.
തനിച്ച് യാത്ര ചെയ്യാനും രാത്രി കറങ്ങി നടക്കാനുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ, ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ അത് സുരക്ഷിതമല്ല എന്നതുകൊണ്ടുതന്നെ അത്തരം ആഗ്രഹങ്ങൾ പൂർണമാവാറില്ല.
തനിച്ചുയാത്ര ചെയ്യുന്ന സ്ത്രീകൾ ഇല്ലെന്നല്ല…. തീർച്ചയായും ഉണ്ട്. പക്ഷേ എല്ലാവർക്കും അത് സാധ്യമാകണമെങ്കിൽ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം.
നിയമ സംവിധാനങ്ങളും കുറച്ചുകൂടി ശക്തമാവണം. എന്നാലെ എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പോലെ പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകൂ-അനിഖ പറയുന്നു.