ബംഗളൂരു: മുൻ കാമുകൻ ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത്. അനൂപ് പിള്ള എന്നയാളാണ് തന്റെ മുൻ കാമുകനെന്നു വെളിപ്പെടുത്തിയാണു നടി അയാളുടെ ക്രൂരതകൾ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്.
മർദനത്തിൽ മുഖം കരുവാളിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.മുൻ കാമുകന്റെ ക്രൂരതകൾ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വീഡിയോയിൽ നടി പറയുന്നുണ്ട്.
ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി പോലീസിൽ പരാതി നൽകിയതായും പോസ്റ്റിൽ വെളിപ്പെടുത്തി.
അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി കുറിച്ചു. ഇപ്പോഴും തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് എഴുതുന്നതെന്നും നടി കുറിച്ചു.
“നിർഭാഗ്യവശാൽ അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
ഞാൻ ഷൂട്ടിംഗിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ എറിഞ്ഞു തകർത്ത സംഭവങ്ങളുണ്ട്. ഞങ്ങൾ ബന്ധം പിരിഞ്ഞശേഷവും ഞാനറിയാതെ അയാളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്സാപ്പ് ചാറ്റുകൾ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഹൈദരാബാദിലേക്കു മാറുന്നതിനു രണ്ടു ദിവസം മുൻപ്, അയാൾ എന്റെ ഫോൺ ലോക്ക് ചെയ്തു. പിന്നീട് എന്നെ ക്രൂരമായി മർദിച്ചു. ഫോൺ തിരികെ തരാൻ കേണപേക്ഷിച്ചപ്പോൾ എന്റെ മേലെ കയറി ഇരിക്കുകയാണ് അയാൾ ചെയ്തത്.
എന്റെ നാലിരട്ടി വലുപ്പമുള്ളയാളാണെന്ന് ഓർക്കണം. എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാൾ ശ്വാസംമുട്ടിച്ചു. തൊണ്ടയിൽനിന്ന് ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല.
എന്റെ ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാൾ കൈ മാറ്റിയത്. എന്റെ ജീവിതത്തിലെ അവസാന രാത്രിയാണ് അതെന്നു ഞാൻ കരുതി’- അനിഖ കുറിപ്പിൽ എഴുതി.