തൃശൂർ: ജീവിക്കാൻ ശേഷിയില്ലാത്ത സഹോദരങ്ങളെ അവഗണിക്കുന്നതും അവരെ പരിചരിക്കുന്നവരെ സഹായിക്കാതിരിക്കുന്നതും ഒരു സമൂഹത്തിന്റെ ശൂന്യതയുടെ ലക്ഷണമാണെന്ന് അനിൽ അക്കര എംഎൽഎ പറഞ്ഞു. ഭിന്നശേഷിയുള്ളവരുടെ പരിചരണം അവരുടെ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്വമല്ല. സമൂഹത്തിന്റെയും സർക്കാരിന്റെയും പ്രഥമ ഉത്തരവാദിത്വമാണത്.
ആദ്യം സംരക്ഷണം നല്കേണ്ടവരെ അവസാനത്തേതായിപ്പോലും പരിഗണിക്കാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയാണിവിടെ ഇപ്പോഴുള്ളത്. ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷരകേരളത്തിന് ഇത് അപമാനമാണ്. ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനായി താൻ മുന്നിട്ടിറങ്ങുമെന്നും എംഎൽഎ പറഞ്ഞു.
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും സ്പെഷൽ സ്കൂൾ അധ്യാപകരും തൃശൂർ കളക്ടറേറ്റ് പടിക്കൽ അവകാശ പ്രഖ്യാപന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു എംഎൽഎ. സ്പെഷൽ സ്കൂൾ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ഭിന്നശേഷിക്കാരായ കുട്ടികളും അനുഭവിക്കുന്ന അവഗണനയും അവകാശ ലംഘനവും പങ്കുവയ്ക്കുന്നതിനായി സേക്രഡ് അവകാശ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
ഭിന്നശേഷിയുള്ളവരെ സുന്ദരമായ പേരുകൾ നല്കി വിശേഷിപ്പിക്കുന്ന ഭരണസംവിധാനങ്ങളുടെ ബോധപൂർവമായ അവഗണന ക്രൂരവും അപലപനീയവുമാണെന്ന് അസോസിയേഷൻ ഫോർ ദി ഇന്റലക്ച്വലി ഡിസേബിൾഡിന്റെ (എയ്ഡ്) സംസ്ഥാന ചെയർമാൻ ഫാ. റോയ് വടക്കേൽ ആമുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഫാ. ജോസ് ചിറപ്പണത്ത് അധ്യക്ഷനായി. കോ-ഓർഡിനേറ്റർ പി.ജെ. തോമസ്, മുൻ കോ-ഓർഡിനേറ്റർ ഫാ. ജോസ് മഞ്ഞളി, കെഎൻഎം ജില്ലാ പ്രസിഡന്റ് പി.കെ. മുഹമ്മദ് സാഹിബ്, പരിവാർ സംസ്ഥാന സെക്രട്ടറി സി.ഡി. ഫ്രാൻസീസ്, പി. മുഹമ്മദ് വേളം, സി.കെ. ബഷീർ, സുഹൈബ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകുക, 18 വയസ് പൂർത്തിയാകുന്നവർക്കു തൊഴിൽ പരിശീലനം നൽകുക, മാതാപിതാക്കളുടെ മരണശേഷം അനാഥരാകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക, സ്പെഷൽ സ്കൂൾ ജീവനക്കാർക്കു മാന്യമായ വേതനവും ഉത്സവബത്തയും അനുവദിക്കുക, സ്ഥാപനങ്ങൾക്കു സാന്പത്തിക സഹായം നൽകുക, വരുമാന പരിധിയില്ലാതെ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പടിഞ്ഞാറേ കോട്ടയിൽനിന്ന് മാർച്ചും നടത്തി. ജില്ലയിലെ 22 സ്പെഷൽ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.