തൃശൂർ: വിവാദമായിരിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി അനിൽ അക്കര എംഎൽഎ. തന്റെ ഫെയ്സ്ബുക്കിലാണ് എംഎൽഎ മുഖ്യമന്ത്രിയോട് ഉത്തരങ്ങൾ ആവശ്യപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാർ പ്രതിപക്ഷ നേതാവ് ആവശ്യപെട്ടിട്ടും പുറത്തുവിടാത്തതെന്ത് എന്നതാണ് ആദ്യത്തെ ചോദ്യം.
ലൈഫ് മിഷന്റെ പക്കലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ റെഡ് ക്രെസെന്റിന് എന്തുകൊണ്ട് വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം പണിയാൻ സർക്കാർ അനുമതി നൽകിയില്ല, ഇതു സംബന്ധിച്ച നടപടിക്രമം അനുസരിച്ചുള്ള സർക്കാർ ഉത്തരവ് എന്തുകൊണ്ട് പുറത്തിറങ്ങിയില്ല എന്ന ചോദ്യങ്ങളും അനിൽ അക്കര ഉന്നയിച്ചു.
വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഈ പദ്ധതിയിൽ യൂണിറ്റാക്കിന് പുറമെ സെയിൻ വെഞ്ചേഴ്സ് എന്ന കന്പനിയുടെ പങ്കാളിത്തം എന്താണെന്നും എംഎൽഎ ചോദിച്ചു.
റെഡ് ക്രെസെന്റും ലൈഫ് മിഷനും തമ്മിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിൽ വടക്കാഞ്ചേരി വില്ലേജിലാണ് ഈ പദ്ധതി നടപ്പിലാക്കേണ്ടതെന്ന് രേഖപ്പെത്തിയിട്ടുണ്ടോ, ഇല്ലെങ്കിൽ ഇതിന് ഈ ഭൂമി ആരാണ് റെഡ് ക്രെസന്റിനെ ഏൽപ്പിച്ചത്, ഉണ്ടങ്കിൽ ആയതിന്റെ നടപടിക്രമങ്ങൾ സർക്കാർ പുറത്തുവിടുമോ എന്നതാണ് മറ്റൊരു ചോദ്യം.
ഇവിടെ നിർമ്മാണം നടത്തുന്ന യൂണിട്ടാക്കിന് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള സർക്കാർ ലൈസൻസ് ഉണ്ടോ, ഇവിടെ നടന്ന തട്ടിപ്പിൽ സ്വപ്നക്കും ശിവശങ്കരനും പുറമെ സി.പി.എമ്മിന് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ, യൂണിറ്റാക്കിന് വിദേശ സംഘടയുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നടത്തുന്നത്തിനുള്ള കേന്ദ്ര സർക്കാർ അനുമതിയുണ്ടോ എന്നീ ചോദ്യങ്ങളും ഉന്നയിച്ചു.
സർക്കാർ ഉത്തരവനുസരിച്ച് 13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള ഒരു പദ്ധതി നടപ്പിലാക്കേണ്ട അതേ ഭൂമിയിൽ മറ്റൊരു പദ്ധതി നടപ്പിലാക്കാൻ നിലവിലുള്ള സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തിയിട്ടുണ്ടോ
എന്നും 140കുടുംബങ്ങൾക്ക് പാർക്കുന്നതിനുള്ള കെട്ടിട സമുച്ചയത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്ര കെട്ടിടത്തിന്റെയും നിർമ്മാണം സൂപ്പർവൈസ് ചെയ്യുന്നത് ഏത് സർക്കാർ ഏജൻസിയാണെന്നും അനിൽ അക്കരയുടെ ചോദ്യപ്പട്ടികയിലുണ്ട്.