വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ യുഡിഎഫിന് ഉണ്ടായ പരാജയം ഉൾക്കൊള്ളുന്നുവെന്നും സ്വന്തം നാട്ടിൽനിന്നു തനിക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ഒരു ജനപ്രതിനിധിയാകാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്നും വടക്കാഞ്ചേരിയിൽ തോറ്റ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ അനിൽ അക്കര.
ഇനി തന്റെ ചുമതല മത്സരിക്കാൻ കെല്പുള്ള മറ്റ് ആളുകളെ കണ്ടെത്തി അതിനു പ്രാപ്തരാക്കുക എന്നുള്ള സംഘടനാപരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വന്തം പഞ്ചായത്ത് നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽനിന്നു പിന്മാറാം എന്നു കരുതിയതാണ്. എന്നാൽ, ഇത്തവണ മത്സരിച്ചില്ലെങ്കിൽ ലൈഫ്മിഷൻ പദ്ധതി ഉൾപ്പെടെയുള്ള അഴിമതിക്കു ഞാൻ മറുപടി പറയേണ്ടിവരുമെന്നുള്ളതുകൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും അനിൽ അക്കര പറഞ്ഞു.
അതേസമയം, അനാവശ്യമായ വിവാദങ്ങൾക്കുള്ള മറുപടിയാണ് തന്റെ തെരഞ്ഞെടുപ്പു വിജയമെന്ന്, വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി പ്രതികരിച്ചു. കേരളത്തിലെ ജനം ഭരണത്തുടർച്ച ആഗ്രഹിച്ചു.
അഞ്ചു വർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിന്റെ മികവാണ് ഇടതുപക്ഷത്തിനു ലഭിച്ച വൻ ഭൂരിപക്ഷത്തിനു കാരണം. കഴിഞ്ഞ അഞ്ചുവർഷം വടക്കാഞ്ചേരിയിലെ ജനപ്രതിനിധിക്കു മണ്ഡലത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.