വടക്കാഞ്ചേരി: സിപിഎമ്മി ലെ വനിതാ നേതാക്കൾക്കെതിരെ ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ എംഎൽഎവരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ തുടരാനുള്ള സാധ്യത ഒരുക്കിയ കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനെതിരെയാണ് പാർട്ടി ആദ്യം നടപടി എടുക്കേണ്ടതെന്ന് അനിൽ അക്കര എംഎൽഎ. പാർട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ച്യൂരിക്ക് അയച്ച കത്തിലാണ് എംഎൽഎയുടെ ഈ ആരോപണം.
പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വടക്കാഞ്ചേരിയിലെ സിപിഎം അനുഭാവികളായ കുടുംബത്തിന് നേരെയുണ്ടായ ആക്രമണവും അതിൽ യുവതിക്കു നേരെയുണ്ടായ പീഡനവും ആദ്യ ഘട്ടത്തിൽ ശരിയായ രീതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഇരയെ അപമാനിക്കുന്ന തരത്തിൽ പത്രസമ്മേളനം നടത്തി കേസ്സ് അട്ടിമറിച്ച മുൻ സ്പീക്കർകൂടിയായ കെ. രാധാകൃഷ്ണൻ പ്രതികൾക്ക് അനുകൂലമായി നടത്തിയ നടപടികളാണ് സ്വീകരിച്ചത്.
മണ്ണാർക്കാട്ടെ പീഡന കേസിനെ തുടർന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും കെ. രാധാകൃഷ്ണൻ പങ്കെടുത്തിരുന്നു. അതിനുശേഷം പത്രക്കാരെ കണ്ടപ്പോഴും പരാതി ലഭിച്ചിട്ടില്ലെന്ന രാധാകൃഷ്ണന്റെ വാക്കുകൾ വടക്കാഞ്ചേരി കേസിന്റെ തനിയാവർത്തനമായിരുന്നു.
ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ കേസിലും തോളൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നേതാവ് പെൻഷൻ കൊടുക്കാൻ വേണ്ടി വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ആദ്യ ഘട്ടങ്ങളിൽ കേസ് ഒതുക്കി തീർക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയതും തൃശൂർ ജില്ലാ സിപിഎം കമ്മിറ്റി തുടരുന്നതു കൊണ്ടാണെന്ന് എംഎൽഎ ആരോപിച്ചു.