കേരളത്തില്‍ ഇടതുതരംഗം ആഞ്ഞുവീശിയപ്പോഴും തൃശൂരില്‍ കോണ്‍ഗ്രസിന്റെ നാണക്കേട് മറച്ച അനില്‍ അക്കര വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സാധാരണക്കാരുടെ എംഎല്‍എയെന്നു ഇതിനകം പേരെടുത്ത അനില്‍ എടുത്ത ഒരു വിപ്ലവകരമായ തീരുമാനം തന്നെ ഇതിനു കാരണം. ഇനി മുതല്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള വികസനപദ്ധതികളില്‍ തന്റെ പേര് ചേര്‍ക്കേണ്ടതില്ലെന്ന് അനില്‍ തീരുമാനമെടുത്തിരിക്കുന്നു. പത്തു രൂപയുടെ ബസ് സ്റ്റോപ്പ് ഉണ്ടാക്കിയാല്‍പ്പോലും വലിയ അക്ഷരത്തില്‍ പേര് എഴുതിച്ചേര്‍ക്കുന്ന ജനപ്രതിനിധികളുള്ള നാട്ടിലാണ് വടക്കാഞ്ചേരിക്കാരുടെ സ്വന്തം എംഎല്‍എയുടെ പ്രഖ്യാപനം.
പേര് ബോര്‍ഡുകളില്‍ വയ്ക്കരുതെന്നാവശ്യപ്പെട്ടുള്ള കത്ത് അനില്‍ അക്കര ധനകാര്യമന്ത്രി തോമസ് ഐസക്കിന് നല്കിയിരുന്നു. ഈ അഭ്യര്‍ഥന കണക്കിലെടുത്ത് അനിലിന്റെ പേര് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശവും നല്കി. ചരിത്രത്തിലാദ്യമായാണ് ഒരു എംഎല്‍എ ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കുന്നതും അത് നടപ്പിലാക്കുന്നതും. അധികാരം ജനപ്രതിനിധികളിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയില്‍ എംഎല്‍എമാര്‍ക്ക് അനുവദിക്കുന്ന പ്രാദേശിക പദ്ധതികള്‍ക്ക് പേര് എഴുതുന്ന രീതി ശരിയല്ലെന്ന് അനില്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.