വടക്കാഞ്ചേരി: പത്താഴക്കുണ്ട് ഡാമിന്റെ ചോർച്ച തടയുന്നതിനുള്ള രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി അനിൽ അക്കര എംഎൽഎയും മുതിർന്ന ഉദ്യോഗസ്ഥരും ഡാം സന്ദർശിച്ചു. ഡാമിന് പൂന്തോട്ടം നിർമിയ്ക്കുന്നതിനും ചുറ്റും നടപ്പാതകൾ പണിയുന്നതിനുമായി ഒരു കോടി രൂപ അനുവദിയ്ക്കുമെന്ന് എംഎൽഎ അറിയിച്ചു.
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിലെ മലയോര പ്രദേശത്താണ് ചെറുകിട ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ളപത്താഴക്കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. പൂർണമായും മണ്ണു കൊണ്ട് നിർമിച്ചിട്ടുള്ള ഈ ഡാം 1978ലാണ് കമ്മീഷൻ ചെയ്യുന്നത്. ഡാമിന് 143 മീറ്റർ നീളവും 18.3 മീറ്റർ ഉയരവും ഉണ്ട്. വൃഷ്ടിപ്രദേശം 24,28 ഹെക്ടറും സംഭരണ ശേഷി 1,44 ദശലക്ഷം ഘനമീറ്ററും ആണ്.
ഡാമിന് 3075 മീറ്റർ നീളത്തിലുള്ള ഇടതുകര കനാലും 1456 മീറ്റർ നീളത്തിലുള്ള വലതുകര കനാലും ഉണ്ട്. തെക്കുംകര പഞ്ചായത്തിലും പഴയ മുണ്ടത്തിക്കോട് പഞ്ചായത്തിലും ഉൾപ്പെടുന്ന ഏകദേശം 288 ഹെക്ടർ ആയ കെട്ട് പ്രദേശത്ത് ജലസേചനത്തിനായാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്തിരുന്നത്.
എന്നാൽ ഡാമിന്റ ബാരലിൽ ശക്തമായ ചോർച്ചമൂലം ജലം സംഭരിക്കുന്നതിനും ഡാമിന്റെ പ്രവർത്തനം കാര്യക്ഷമമായ രീതിയിൽ നടത്തുന്നതിനും കഴിഞ്ഞ 15 വർഷക്കാലമായി സാധിക്കാത്ത സ്ഥിതിയിലാണ്. ഇതോടെ ഡാമിലെ ജലത്തെ ആശ്രയിച്ച് കൃഷി ഇറക്കിയിരുന്ന കർഷകർ ദുരിതത്തിലായി. പലരും കൃഷി ഇറക്കാതെയായി.
ജലസംഭരണിയിൽ വെള്ളം ഇല്ലാതായതോടെ ആയക്കെട്ട് പ്രദേശത്തെ നീർച്ചാലുകളം തോടുകളും കുളങ്ങളും കിണറുകളും വേനൽക്കാലം എത്തും മുന്പേ വറ്റിവരളുന്ന ദുസ്ഥിതിയിലായി.നാട്ടുകാരൻ കൂടിയായ മന്ത്രി എ.സി. മൊയ്തീൽ വടക്കാഞ്ചേരി എംഎൽഎ ആയിരിക്കുന്പോൾ തന്നെ ഡാമിന്റ ചോർച്ച തടയുന്നതിനുള്ള ഇടപെടൽ നടത്തിയിരുന്നു.
പല തവണ വിദഗ്ധ സംഘം ഡാമിലെത്തി ചോർച്ച കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു.
മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിച്ചത്. ഒന്നാം ഘട്ട നവീകരണ പ്രവർത്തികളുടെ ഭാഗമായി ഡാമിന്റ അറ്റകുറ്റപണികൾ പൂർത്തിയാക്കുകയും ചെയ്തു. രണ്ടാം ഘട്ട നവീകരണ പ്രവൃത്തിയായ ബാരലിനുള്ളിലെ ചോർച്ച പൂർണമായും തടയുന്നതിനുള്ള പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ബാരലിനുള്ളിലെ വീഡിയോ ഗ്രാഫി ഉൾപ്പെടെ എടുത്ത് വിദഗ്ധ പരിശോധന നടത്തി ശാസ്ത്രീയമായി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ കണക്കിലെടുത്താണ് ചോർച്ച തടയുന്നതിനുള്ള പ്രവൃത്തികൾ നടത്തുന്നത്. ഒരു കോടി 88 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങ ൾക്ക് നേതൃത്വം നൽകുന്നത് കോലഞ്ചേരി സ്വദേശി എൻ.വി.രാജുവാണ്. ഡാം കൂടുതൽ മനോഹരമാക്കുന്നതിന് എംഎൽഎ ഒരു കോടി രൂപ കൂടി അനുവദിച്ചതോടെ മലയോര മേഖലയിൽ മറ്റൊരു ടൂറിസം കേന്ദ്രം കൂടി ജനങ്ങൾക്ക് സ്വന്തമാവുകയാണ്.