ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ധീരുഭായ് അംബാനിയുടെ മരണശേഷം മക്കളായ മുകേഷും അനിലും തമ്മില്‍ സ്വത്തു തര്‍ക്കമുണ്ടാകുകയും പിന്നീട് സ്വത്ത് പങ്കു വയ്ക്കുകയുമായിരുന്നു. അംബാനിമാര്‍ രണ്ടായതോടെ ആളുകള്‍ കരുതി ഇവര്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന്. എന്നാല്‍ ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു അംബാനി സഹോദരന്മാരുടെ പിന്നീടുള്ള വളര്‍ച്ച.
എന്നാല്‍ ജ്യേഷ്ഠന് മുകേഷ് ഒരിക്കല്‍ ലോക കോടീശ്വരപ്പട്ടം അലങ്കരിച്ച സമയത്ത് ലോകത്തെ ശതകോടീശ്വരന്മാരില് ആറാംസ്ഥാനമായിരുന്നു അനില്‍ അംബാനിക്കുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും അതിശയിപ്പിച്ച് അനില്‍ അംബാനി ബ്രിട്ടീഷ് ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. നിലവില്‍ പൂജ്യം ആസ്തിയുള്ള താന്‍ പാപ്പരാണെന്നും ജാമ്യത്തുക കെട്ടിവയ്ക്കാന്‍പോലും നിവൃത്തിയില്ലെന്നും അനില്‍ കോടതിയെ അറിയിച്ചു. നാലുലക്ഷം കോടിയിലേറെ രൂപയാണു മുകേഷിന്റെ ആസ്തി.
അനിലിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷനു (ആര്‍കോം) 2012 ഫെബ്രുവരിയില്‍ 70 കോടി ഡോളര്‍ (ഏകദേശം 5000 കോടി രൂപ) വായ്പ നല്കിയ മൂന്നു ചൈനീസ് ബാങ്കുകളാണു തിരിച്ചടവ് മുടങ്ങിയതിനേത്തുടര്‍ന്ന് കോടതിയെ സമീപിച്ചത്.
ആര്‍കോം നിലവില്‍ പാപ്പര്‍ നടപടി നേരിടുകയാണ്. എന്നാല്‍, കമ്പനിക്കു നല്കിയ വായ്പയ്ക്ക് അനില്‍ വ്യക്തിഗത ഗ്യാരന്റി നല്‍കിയിരുന്നെന്നാണു ബാങ്കുകളുടെ വാദം. അതിനെതിരേ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് താന്‍ വ്യക്തിപരമായും പാപ്പരാണെന്ന് അനില്‍ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടീഷ് ഹൈക്കോടതി കേസ് പരിഗണിക്കവേയാണ് അനില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയത്. കോടതിയില്‍ അദ്ദേഹത്തിന്റെ മകന് ജയ് അന്മോല് അംബാനിയാണു ഹാജരായത്. വിചാരണയ്ക്കു മുന്നോടിയായി അനില്‍ 65.6 കോടി ഡോളര്‍ (ഏകദേശം 4690 കോടി രൂപ) കെട്ടിവയ്ക്കാന്‍ നിര്ദേശിക്കണമെന്നു ബാങ്കുകള്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി അത് 10 കോടി ഡോളറായി (ഏകദേശം 715 കോടി രൂപ) നിശ്ചയിച്ചു.
പാപ്പരാണെന്ന അനില്‍ അംബാനിയുടെ വാദത്തെ ജസ്റ്റിസ് വാക്സ്മാന്‍ നിശിതമായി വിമര്‍ശിച്ചു. അനില്‍ നുണ പറയുകയാണെന്നും കഴിഞ്ഞവര്‍ഷം ജാമ്യം ലഭിച്ചതില്‍ ജ്യേഷ്ഠന്റെ പങ്ക് തമസ്കരിക്കുകയാണെന്നും കോടതി പറഞ്ഞു.
റിലയന്‍സ് ഗ്രൂപ്പിനുള്ളില്‍ അനധികൃത കോര്‍പറേറ്റ് ഇടപാടുകളാണു നടക്കുന്നതെന്നും ജസ്റ്റിസ് വാക്സ്മാന്‍ പരാമര്‍ശിച്ചു.അനിലിനു പറയപ്പെടുന്നതിനേക്കാള്‍ ഏറെ ആസ്തിയുണ്ടെന്നു വ്യക്തമാണ്. കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ തീര്‍ച്ചയായും സഹായിക്കാന്‍ കഴിയും.
അതുകൊണ്ടുതന്നെ 10 കോടി ഡോളര്‍ കോടതിയില്‍ കെട്ടിവച്ചേതീരൂ. മുകേഷിന് ഈ തുക കെട്ടിവയ്ക്കാന്‍ കഴിയില്ലെന്നു പറഞ്ഞാല്‍ അത് അസംബന്ധമാണ്. മുമ്പു പരസ്പരം സഹായിച്ചിരുന്ന ഇവര്‍ അതിസമ്പന്നകുടുംബാംഗങ്ങളാണ്. അനില്‍ പറയുന്നതുപോലെ, അദ്ദേഹത്തിന്റെ ആസ്തി കുറച്ചുകാണാന്‍ ഞാന്‍ തയാറല്ല’ ജസ്റ്റിസ് വാക്സ്മാന്‍ പറഞ്ഞു.
എന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ സഹോദരനാണെങ്കിലും, കോടതി പറഞ്ഞ തുക കെട്ടിവയ്ക്കുന്നതിനായി പുറത്തുനിന്നു പണം കണ്ടെത്താന്‍ തനിക്കു കഴിയില്ലെന്ന് അനില്‍ വ്യക്തമാക്കി.
തന്റെ ടെലികോം കമ്പനിയായ റിലയന്‍സ് കമ്യൂണിക്കേഷന്‍ നഷ്ടത്തിലായതിനെത്തുടര്‍ന്നാണ് താന്‍ സാമ്പത്തികമായി തകര്‍ന്നതെന്ന് അംബാനി ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍, ഇന്ത്യയില്‍ അനില്‍ പാപ്പര്‍ഹര്‍ജി നല്‍കിയിട്ടുണ്ടോയെന്നു കോടതി ആരാഞ്ഞു. ആരെങ്കിലും അതേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അന്വേഷിക്കണം. എന്താണു നടക്കുന്നതെന്നു തനിക്ക് അറിഞ്ഞേപറ്റൂവെന്നും ജസ്റ്റിസ് വാക്സ്മാന്‍ പറഞ്ഞു.
ഇന്ത്യയില്‍ അനില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയിട്ടില്ലെന്നും കേന്ദ്രസംസ്ഥാനനിയമങ്ങള് പ്രകാരം അതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്കാന് നിവൃത്തിയില്ലെന്നും അംബാനിയുടെ അഭിഭാഷകരായ ഹരീഷ് സാല്‍വെയും റോബര്‍ട്ട് ഹോവെയും വ്യക്തമാക്കി. 2012 മാര്‍ച്ചില്‍ അരലക്ഷം കോടി രൂപയായിരുന്ന തന്റെ ആസ്തി കഴിഞ്ഞ ഡിസംബറില്‍ പൂജ്യമായെന്നും 2181 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും അനില്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, 21.4 കോടി രൂപയുടെ ആഡംബരവാഹനങ്ങളും ഭാര്യയ്ക്കു സമ്മാനിച്ച 400 കോടി രൂപയുടെ ആഡംബരനൗകയും സ്വകാര്യ ജെറ്റ് വിമാനവും ഹെലികോപ്ടറുമുള്ള അനില്‍ അംബാനിയുടെ ആര്‍ഭാടജീവിതവും അദ്ദേഹത്തിന്റെ അവകാശവാദവും പൊരുത്തപ്പെടുന്നതല്ലെന്ന് ബാങ്കുകളുടെ അഭിഭാഷകന് ബങ്കിം തങ്കി ആരോപിച്ചു.
എന്തുകൊണ്ട് അവ വിറ്റു കൂടാ എന്നും തങ്കി ചോദിച്ചു. എന്നാല്‍ അവയെല്ലാം കമ്പനി വകയാണെന്നും തന്റെ സ്വന്തമല്ലെന്നുമാണ് അനിലിന്റെ വാദം. അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയില്‍ മുംബൈയിലുള്ള 17 നില മാളികയിലാണ് അനില്‍ താമസിക്കുന്നതെന്നും തങ്കി ചൂണ്ടിക്കാട്ടി.
അനിലിന്റെ സഹോദരന് മുകേഷും അമ്മ കോകിലയും ഭാര്യ ടീനയും മക്കളും അതിസമ്പന്നരാണ്. അവര്‍ക്ക് അദ്ദേഹത്തെ സഹയിക്കാന് കഴിയും. എന്നാല്‍, അമ്മയില്‍നിന്നും മകന് അന്മോലില്നിന്നും 814 കോടി രൂപ കടം വാങ്ങിക്കഴിഞ്ഞതായി അനില്‍ കോടതിയെ അറിയിച്ചു.