കടഭാരത്തില്‍ അമര്‍ന്ന അനില്‍ അംബാനി ഗ്രൂപ്പ് കന്പനികള്‍ക്ക് ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച. കടത്തിന്റെയും പലിശയുടെയും ഗഡു മുടങ്ങിയെന്നു റിപ്പോര്‍ട്ടുണ്ട്. നിഷ്ക്രിയ ആസ്തിയായി കടം പ്രഖ്യാപിക്കുന്നതിനു ബാങ്കുകള്‍ ആലോചന തുടങ്ങി. രണ്ടാഴ്ചകൊണ്ട് ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 3,200 കോടി രൂപ കുറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് (എഡിഎജി) ഗ്രൂപ്പ് കമ്പനികള്‍ക്കെല്ലാം ഇന്നലെ തിരിച്ചടി നേരിട്ടു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് പവര്‍, റിലയന്‍സ് ഡിഫന്‍സ് എന്നീ അഞ്ചു കന്പനികളുടെ ഓഹരികള്‍ക്കും വില ഇടിഞ്ഞു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മാര്‍ച്ചിലവസാനിച്ച ത്രൈമാസത്തേക്ക് 966 കോടി രൂപ നഷ്ടം വരുത്തി. തലേ വര്‍ഷം ഇതേ കാലത്ത് 79 കോടി രൂപ ലാഭമുണ്ടാക്കിയതാണ്.
സഹോദരന്‍ മൂലം
അനിലിന്റെ മൂത്ത സഹോദരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോ ടെലികോമുമായി വന്നതാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു വലിയ ക്ഷീണമായത്. ടെലികോം നിരക്കുകള്‍ കുത്തനെ ഇടിഞ്ഞപ്പോള്‍ കടഭാരത്തില്‍ ഞെരുങ്ങുന്ന റിലയന്‍സ് കോം നിലം പറ്റുകയായിരുന്നു. 201617ല്‍ കന്പനിയുടെ നഷ്ടം 1283 കോടിയാണ്. തലേ വര്‍ഷം 660 കോടി ലാഭമുണ്ടായ സ്ഥാനത്താണിത്. ഐഡിയ സെല്ലുലാറിനു മാര്‍ച്ച് െ്രെതമാസത്തില്‍ 325.6 കോടി നഷ്ടമുണ്ടായി. വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെല്‍ ലാഭം 72 ശതമാനം കുറഞ്ഞു.
നിഷ്ക്രിയ ആസ്തിയിലേക്ക്
അനില്‍ അംബാനി ഗ്രൂപ്പ് എടുത്ത കടങ്ങളുടെ ഗഡു അടയ്‌ക്കേണ്ട ദിവസം കഴിഞ്ഞ് 30 ദിവസം പിന്നിട്ടു. ഇതേത്തുടര്‍ന്ന് കടം നിഷ്ക്രിയ ആസ്തിയായി (എന്‍പിഎ) പ്രഖ്യാപിക്കുന്നതിന് ആലോചനയുണ്ട്. പ്രാരംഭമായി സ്‌പെഷല്‍ മെന്‍ഷന്‍ അക്കൗണ്ട് (എസ്എംഎ ഒന്ന്) ആയി പ്രഖ്യാപിക്കും. കുടിശിക 60 ദിവസമായാല്‍ എസ്എംഎ രണ്ട് ആയി പ്രഖ്യാപിക്കും. 90 ദിവസം കഴിഞ്ഞാല്‍ എല്‍പിഎ ആയി വകമാറ്റും.
വില്പനനീക്കം
അനില്‍ അംബാനി തന്റെ ഗ്രൂപ്പിന്‍റെ ചില ബിസിനസുകളും ആസ്തികളുംവിറ്റ് കടക്കെണിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. റിലയന്‍സ് ഇന്‍ഫ്രാടെല്‍ കന്പനിയുടെ 51 ശതമാനം ഓഹരി കനേഡിയന്‍ ധനകാര്യ കന്പനി ബ്രൂക്ഫീല്‍ഡിനു വിറ്റ് 11,000 കോടി രൂപ സന്പാദിക്കും. ടെലികോം ടവര്‍ ബിസിനസാണ് ഇന്‍ഫ്രാടെലിന്റേത്. ഇതോടൊപ്പം ചെന്നൈയിലെ എയര്‍സെല്‍ കന്പനിക്ക് റിലയന്‍സ് കമ്യൂണിക്കേഷനില്‍ പകുതി ഓഹരി നല്‍കും. ഇപ്പോള്‍ സ്‌പെക്ട്രം ഇല്ലാത്ത എയല്‍സെലിന് ഇതുവഴി സ്‌പെക്ട്രം ലഭിച്ച് പ്രവര്‍ത്തനം നടത്താം.
കടം 42,800 കോടി
ഡിസംബര്‍ 31ന് 42,800 കോടി രൂപ കടമുള്ള അനില്‍ അംബാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍ ഇവ രണ്ടും വഴി 25,000 കോടി രൂപ നേടി കടബാധ്യത കുറയ്ക്കാമെന്നാണ്. പക്ഷേ, എയല്‍സെല്‍ ഇടപാടിനു കടമ്പകള്‍ പലതുണ്ട്. മാരന്‍ സഹോദരന്മാരുമായും കാര്‍ത്തി ചിദംബരവുമായും ബന്ധപ്പെട്ട സിബിഐ കേസുകളില്‍ എയല്‍സെലിന്റെ പല ഇടപാടുകളും പരാമര്‍ശിക്കപ്പെടുന്നുണ്ട്. രണ്ട് ഇടപാടും സെപ്റ്റംബറിനകം നടന്നില്ലെങ്കില്‍ ഏറ്റവും സന്പന്നനായ ഇന്ത്യക്കാരന്റെ ഇളയ സഹോദരന്‍ നടത്തുന്ന കമ്പകളുടെ ഭാവി ഇരുളടഞ്ഞതാകും.