ന്യൂഡൽഹി: അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) പാപ്പർ ഹർജി ഫയൽ ചെയ്യാൻ ഒരുങ്ങുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കന്പനി പത്രക്കുറിപ്പ് പുറത്തിറക്കി. കുടിശിക തിരിച്ചടയ്ക്കാൻ ആർകോമിനു പണമില്ലെന്നും പാപ്പർ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
2017 ജൂണ്‍ രണ്ടിന് കടക്കെണിയെ തുടർന്ന് പല പ്രോജക്ടുകളും അവസാനിപ്പിക്കാൻ കന്പനി തീരുമാനിച്ചിരുന്നു. 18 മാസം കഴിഞ്ഞിട്ടും ഒരു തരത്തിലും ലാഭമുണ്ടാകാതിരുന്നതിനെത്തുടർന്ന് പാപ്പർ നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് റിലയൻസ് കമ്യൂണിക്കേഷൻസ് അറിയിച്ചു. കടബാധ്യതകൾ തീർക്കുന്നതിന്റെ ഭാഗമായി ആസ്തി വിൽപ്പന പാക്കേജ് നടപ്പാക്കുമെന്ന് അനിൽ അംബാനി നേരത്തെ പറഞ്ഞിരുന്നു.
കടക്കെണിയിലായതിനെ തുടർന്ന് അനിൽ അംബാനിയുടെ കന്പനിയുടെ മൊബൈൽ ബിസിനസ്, സ്പെക്ട്രം, മൊബൈൽ ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ ശൃംഖല എന്നിവ മുകേഷ് അംബാനിയുടെ ജിയോ ഏറ്റെടുത്തിരുന്നു. റിലയൻസിന്റെ ഡിടിഎച്ച് ബിസിനസായ ബിഗ് ടിവി കടബാധ്യത കാരണം 2017ൽ പൂട്ടി.