ന്യൂഡൽഹി: നാവികസേനയുടെ കപ്പൽ നിർമാണത്തിൽ വീഴ്ച വരുത്തിയ അനിൽ അംബാനിയുടെ കന്പനിക്കെതിരേ നടപടി. കടക്കെണിയിലായ റിലയൻസ് നേവൽ ആൻഡ് എൻജിനിയറിംഗ് (ആർഎൻഇഎൽ) കന്പനിയുടെ ബാങ്ക് ഗാരന്റികൾ പണമാക്കി മാറ്റിയാണ് ഇന്ത്യൻ നാവികസേന ശിക്ഷാനടപടി സ്വീകരിച്ചത്. എന്നാൽ, 2,500 കോടിയുടെ കരാർ റദ്ദാക്കിയിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ അറിയിച്ചു.
നാവികസേനയുടെ കരാറിൽ വീഴ്ച വരുത്തിയ അനിൽ അംബാനിയുടെ മറ്റൊരു പ്രതിരോധ കന്പനിയെയാണ് 58,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന ഇടപാടിൽ പങ്കാളിയാക്കിയത്. വ്യോമസേനയുടെ റഫാൽ വിവാദം കത്തുന്നതിനിടയിലാണു റിലയൻസ് നേവൽ കന്പനിക്കെതിരേ പേരിനെങ്കിലും നാവികസേന നടപടിയെടുത്തത്. നൂറു കോടി രൂപയുടെ ബാങ്ക് ഗാരന്റികളാണ് ഈ വർഷമാദ്യം നാവികസേന പണമാക്കിയതെന്നാണു റിപ്പോർട്ടുകൾ. വലിയ വീഴ്ച വരുത്തിയിട്ടും റിലയൻസുമായുള്ള കരാർ റദ്ദാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമായി.നാലു വർഷം കഴിഞ്ഞിട്ടും കരാറനുസരിച്ചു കപ്പൽ കൈമാറാത്തതിനെതിരേയാണു നടപടിയെന്നു നാവികസേനാ മേധാവി പറഞ്ഞു.
നാവികസേനയുടെ പട്രോളിംഗിനുള്ള എൻഒപിവി (നേവൽ ഓഫ്ഷോർ പട്രോൾ വെസൽ)കൾ നിർമിക്കുന്നതിന് 2011ലാണ് റിലയൻസ് നേവൽ കന്പനിക്ക് നാവികസേന കരാർ നൽകിയത്. നാലു വർഷമായിരുന്നു കരാർ കാലാവധി.
എന്നാൽ, 2017 ജൂലൈയിലാണു റിലയൻസ് നേവൽ കന്പനി ആദ്യത്തെ രണ്ട് പട്രോൾ യാനങ്ങൾ ഗുജറാത്തിലെ പിപാവാവിലുള്ള കപ്പൽശാലയിൽ പുറത്തിറക്കിയത്. മൊത്തം അഞ്ചു കപ്പലുകളാണ് ഇവിടെ നിർമിക്കുന്നത്. അടുത്ത വർഷം മധ്യത്തോടെ കപ്പലുകൾ കൈമാറാമെന്നാണു റിലയൻസ് കന്പനിയുടെ അവസാനത്തെ ഓഫർ. വായ്പ നൽകിയ ഐഡിബിഐ ബാങ്ക് പണം ഈടാക്കാൻ റിലയൻസിനെതിരേ കേസ് കൊടുത്തിട്ടുണ്ട്.