കൊല്ലം: ഹാര്‍ബര്‍ ജീവനക്കാരന്റെ കൊലപാതക കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന കാരണത്താൽ പ്രതികളെ കോടതി വെറുതെവിട്ടു.നീണ്ടകര ഹാര്‍ബറിലെ ജീവനക്കാരന് കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശി അനിലിനെ(38) കഴുത്തറുത്തു ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.
എന്നാല്‍ കേസിലെ ഒന്നാം പ്രതി മയ്യനാട് സുനാമി ഫ്ളാറ്റില്‍ ഹൈദര്‍ ഫാറുക്കി(26)നെ മോഷണക്കുറ്റത്തിനു രണ്ടുവര്‍ഷം ശിക്ഷിച്ചു. മയ്യനാട് സുനാമി ഫ്ളാറ്റില്‍ ഹൈദര്‍ ഫാറുക്ക് (26), കൊല്ലം വടക്കേവിള മക്കാനി കോളനിയില്‍ പ്രിയന് (28), കൊല്ലം പട്ടത്താനം നീതി നഗറില്‍ വിഷ്ണു (25), വടക്കേവിള പണിക്കരു കുളത്തിനു സമീപം വിളയില്‍ വീട്ടില്‍ നഹാസ് (26) എന്നിവരാണു വെറുതെവിട്ടത്.
തുടര്‍ച്ചയായി നാലു ദിവസം അന്തിമവാദം കേട്ട ശേഷമാണ് ജഡ്ജി എഫ്.അഷീദ വിധി പ്രസ്താവിച്ചത്. 2012 മെയ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനിൽ തങ്കശേരിയിലെ ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
അനില്‍ സ്വവര്ഗാനുരാഗിയായിരുന്നുവെന്നും എച്ച്ഐവി ബാധയുണ്ടെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ കേസിലെ ഒന്നാം പ്രതി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടതിനാല്‍ തനിക്കും രോഗം പകര്ന്നിരിക്കാമെന്നു തെറ്റിദ്ധരിച്ച് ഹൈദര്‍ ഫാറുക്ക് മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി അനിലിനെ കൊന്ന് അയാളുടെ വിലപിടിപ്പുള്ള മുതലുകള്‍ കവര്‍ച്ച ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.
അനിലിന്റെ ലാപ്പ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, കാമറ തുടങ്ങിയവ കവര്‍ച്ച ചെയ്ത കേസിലാണ് ഒന്നാം പ്രതിയായ ഹൈദര്‍ ഫാറുക്കി(26)നെ മോഷണക്കുറ്റത്തിനു രണ്ടുവര്‍ഷം ശിക്ഷിച്ചത്.
ദൃക്സാക്ഷികള്‍ ആരുമില്ലാത്ത കേസ് സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 36 സാക്ഷികളെ വിസ്തരിക്കുകയും 94 രേഖകളും 45 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിച്ചു. പ്രതിഭാഗത്തു നിന്ന് 3 സാക്ഷികളെയും 4 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. മനോജാണ് കോടതിയില്‍ ഹാജരായത്.